National

എല്ലാവര്‍ക്കും തൊഴിലും സാര്‍വത്രിക ഭവന പദ്ധതിയും; പ്രകടന പത്രിക പുറത്തിറക്കി ടിഎംസി

Spread the love

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി തൃണമൂല്‍ കോണ്‍ഗ്രസ്. പശ്ചിമ ബംഗാളില്‍ ഏക സിവില്‍ കോഡും പൗരത്വ രജിസ്റ്ററും നടപ്പാക്കില്ലെന്ന് പ്രകടന പത്രികയില്‍ ടിഎംസി വ്യക്തമാക്കി. എല്ലാവര്‍ക്കും തൊഴിലും സാര്‍വത്രിക ഭവന പദ്ധതിയും പത്രികയിലെ പ്രധാന വാഗ്ദാനങ്ങളാണ്.

തൊഴിലാളികളുടെ വരുമാനം വര്‍ധിപ്പിക്കും, തൊഴില്‍ കാര്‍ഡ് ഉടമകള്‍ക്ക് 400 രൂപ ദിവസ വേതനത്തില്‍ 100 ദിവസത്തെ ജോലി ഉറപ്പ് , എല്ലാ പാവപ്പെട്ട കുടുംബങ്ങള്‍ക്കും സൗജന്യ ഭവനം, ബിപിഎല്‍ കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 10 ഗ്യാസ് സിലിണ്ടറുകള്‍ സൗജന്യം, എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ റേഷന്‍ വിതരണം, എസ്‌സി/എസ്ടിയുടെ ഉന്നത വിദ്യാഭ്യാസത്തിനുള്ള അലവന്‍സ് വര്‍ദ്ധിപ്പിക്കും, പ്രതിമാസം 1,000 രൂപ ഓള്‍ഡേജ് അലവന്‍സ്, സ്വാമിനാഥന്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കും, 25 വയസ്സിന് താഴെയുള്ള ബിരുദധാരികള്‍ക്കും ഡിപ്ലോമയുള്ളവര്‍ക്കും അപ്രന്റീസ്ഷിപ്പ്, സിഎഎ റദ്ദാക്കും, എന്‍ആര്‍സി നിര്‍ത്തും, ഏകീകൃത സിവില്‍ കോഡ് നടപ്പാക്കില്ല, പെണ്‍കുട്ടികള്‍ക്കായി കന്യാശ്രീ പോലുള്ള ക്ഷേമ പദ്ധതികള്‍ തുടങ്ങിയവയാണ് വാ്ഗ്ദാനങ്ങളില്‍ ഉള്‍പ്പെടുന്നവ.

ആദ്യഘട്ട തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുമ്പാണ് പ്രകടന പത്രിക തൃണമൂല്‍ കോണ്‍ഗ്രസ് പുറത്തിറതക്കിയത്. കൂച്ച്‌ബെഹാര്‍, അലിപുര്‍ദുവാര്‍, ജല്‍പായ്ഗുരി എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ്. ബംഗാളി, ഇംഗ്ലീഷ്, ഹിന്ദി, ഉറുദു ഭാഷകള്‍ക്ക് പുറമെ നേപ്പാളീസ്, സന്താലി ഭാഷയായ ഓള്‍ ചിക്കി എന്നിവയുള്‍പ്പെടെ ആറ് ഭാഷകളില്‍ പ്രകടനപത്രിക പുറത്തിറക്കും.

ബിജെപി രാജ്യത്തെ തടങ്കല്‍പ്പാളയമാക്കിയെന്നും ഇന്ത്യാ മുന്നണി കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ചാല്‍ സിഎഎയും എന്‍ആര്‍സിയും ഇല്ലാതാകുമെന്നും തെരഞ്ഞെടുപ്പ് റാലിയില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. ഇത്രയും അപകടകരമായ ഒരു തെരഞ്ഞെടുപ്പ് ജീവിതത്തില്‍ കണ്ടിട്ടില്ലെന്നും നരേന്ദ്ര മോദി തുടര്‍ച്ചയായി മൂന്നാം തവണയും അധികാരത്തില്‍ വന്നാല്‍ ജനാധിപത്യവും തെരഞ്ഞെടുപ്പും ഇനിയുണ്ടാകില്ലെന്നും മമത പറഞ്ഞു.