National

ഔഷധഗുണങ്ങളെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം; രാംദേവിനോട് നേരിട്ട് ഹാജരാകാൻ സുപ്രീം കോടതി

Spread the love

‘പതഞ്ജലി’ പരസ്യക്കേസിൽ ബാബാ രാംദേവിനോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് സുപ്രീം കോടതി. ഔഷധഗുണങ്ങളെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയതിനെതിരെ കോടതി പുറപ്പെടുവിച്ച കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാത്തതിനെ തുടർന്നാണ് ഉത്തരവ്. പതഞ്ജലി ആയുർവേദിൻ്റെ മാനേജിംഗ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണയോടും നേരിട്ട് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്

ജസ്റ്റിസുമാരായ ഹിമ കോലി, അഹ്‌സനുദ്ദീൻ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ചിൻ്റേതാണ് ഉത്തരവ്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സമർപ്പിച്ച റിട്ട് ഹർജി പരിഗണിക്കുകയായിരുന്നു കോടതി. കഴിഞ്ഞ ഹിയറിംഗിൽ, പതഞ്ജലിക്കും മാനേജിംഗ് ഡയറക്‌ടർക്കും കാരണം കാണിക്കാൻ നോട്ടീസ് അയച്ചിരുന്നു. രണ്ടാഴ്ച സമയം അനുവദിച്ചിട്ടും ഇതുവരെ മറുപടി നൽകിയിട്ടില്ല. മേൽപ്പറഞ്ഞ വസ്‌തുതകളും സാഹചര്യങ്ങളും കണക്കിലെടുത്ത്, അടുത്ത ഹിയറിംഗിൽ രാംദേവ്, ‘പതഞ്ജലി’ എംഡി എന്നിവർ നേരിട്ട് കോടതിയിൽ ഹാജരാകണമെന്നും ബെഞ്ച് ഉത്തരവിട്ടു.

മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയാണ് പതഞ്ജലിക്ക് വേണ്ടി ഹാജരായത്. മറുപടി എവിടെ? – നടപടിക്രമങ്ങളുടെ തുടക്കത്തിൽ തന്നെ ജസ്റ്റിസ് കോഹ്‌ലി ചോദിച്ചു. മറുപടി ഫയൽ ചെയ്യാൻ കഴിയില്ലെന്ന് റോത്തഗി മറുപടി നൽകി. ‘ഉത്തരം പര്യാപ്തമല്ല…വിഷയം അതീവ ഗൗരവത്തോടെയാണ് എടുത്തിരിക്കുന്നത്. മറുപടി നൽകയില്ലെങ്കിൽ അനന്തരഫലങ്ങൾ നേരിടേണ്ടി വരും’- ജസ്റ്റിസ് കോഹ്‌ലി പറഞ്ഞു. രണ്ടാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.