Sports

ടീമിൽ ഇടം കിട്ടിയാൽ പോര, കളിക്കുന്നത് കാണണം; പ്രതികരിച്ച് സഞ്ജുവിൻ്റെ പിതാവ്

Spread the love

മലയാളി താരം സഞ്ജു സാംസണ് ലോകകപ്പ് ടീമിൽ ഇടം ലഭിച്ചതിൽ പ്രതികരിച്ച് സഞ്ജുവിൻ്റെ പിതാവ് സാംസൺ വിശ്വനാഥ് . ടീമിൽ ഇടം കിട്ടിയാൽ പോര, കളിക്കുന്നത് കാണണം എന്ന് അദ്ദേഹം പറഞ്ഞു.

ലോകകപ്പ് ടീമിൽ ഇടം കിട്ടിയതിൽ വലിയ സന്തോഷം. എന്നാൽ. ടീമിൽ ഇടം കിട്ടിയതുകൊണ്ട് മാത്രം പോര, പ്ലെയിങ് ഇലവനിൽ സഞ്ജു കളിക്കുന്നത് കാണണം. രാജ്യത്തിനായി അവൻ റൺസ് നേടുന്നത് കണ്ടാലെ ആശ്വാസമാകൂ. 10 വർഷം മുന്നേ ഇന്ത്യൻ ടീമിൽ ഇടം നേടേണ്ടതായിരുന്നു. പക്ഷേ, ഇപ്പോഴാണ് എല്ലാം ശരിയായി ഒത്തുവന്നത്. ഇന്ത്യൻ ടീമിന്റെ മൂന്നു ഫോർമാറ്റിലും സഞ്ജു കളിക്കുമെന്ന് പ്രതീക്ഷ എന്നും അദ്ദേഹം പ്രതികരിച്ചു.

രാജസ്ഥാൻ റോയൽസ് നായകനായ സഞ്ജുവിന് ഐപിഎലിലെ തകർപ്പൻ ഫോമാണ് തുണയായത്. ടീമിൽ ഉൾപ്പെടുമെന്ന് കരുതപ്പെട്ടിരുന്ന റിങ്കു സിംഗ് റിസർവ് പട്ടികയിലാണ്. ഡൽഹി ക്യാപിറ്റൽസ് നായകൻ ഋഷഭ് പന്തും ടീമിൽ ഇടം പിടിച്ചു.

രോഹിത് ശർമ് നായകനായ ടീമിൽ മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റൻ. യശസ്വി ജയ്സ്വാൾ, ശിവം ദുബെ, അക്സർ പട്ടേൽ, യുസ്‌വേന്ദ്ര ചഹാൽ, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ തുടങ്ങിയവരും ടീമിൽ ഇടം നേടി. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിംഗ് എന്നിവരാണ് ടീമിലെ പേസർമാർ. റിങ്കു സിംഗിനൊപ്പം ശുഭ്മൻ ഗിൽ, ഖലീൽ അഹ്മദ്, ആവേശ് ഖാൻ എന്നിവരാണ് ട്രാവലിങ് റിസർവ് പട്ടികയിലുള്ളത്. കെഎൽ രാഹുലിന് ഇടം ലഭിച്ചില്ല.

ശ്രീശാന്തിനു ശേഷം ലോകകപ്പ് ടീമിൽ ഇടം നേടുന്ന മലയാളി താരമാന സഞ്ജുവിന് ഫൈനൽ ഇലവനിൽ സ്ഥാനം ലഭിക്കാനിടയില്ല. ജയ്സ്വാൾ പ്രധാന ടീമിൽ ഉള്ളതിനാൽ താരം രോഹിത് ശർമയ്ക്കൊപ്പം ഓപ്പൺ ചെയ്യുമെന്നതിനാൽ കോലി മൂന്നാം നമ്പറിലാവും കളിക്കുക. സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ എന്നിങ്ങനെയാവും മറ്റ് ബാറ്റർമാർ. അതുകൊണ്ട് തന്നെ അപ്രധാനമായ ചില മത്സരങ്ങളിൽ മാത്രമേ സഞ്ജു കളിക്കാനിടയുള്ളൂ.