World

യുദ്ധത്തിന്റെ രണ്ടാം ഘട്ടം തുടങ്ങിയെന്ന് നെതന്യാഹു; മരണം 8000 കടന്നു

Spread the love

ഇസ്രയേൽ ഹമാസ് സംഘർഷത്തിൽ ഇരുപക്ഷത്തുമായി മരിച്ചവരുടെ എണ്ണം 8000 കടന്നു.
യുദ്ധത്തിന്റെ രണ്ടാം ഘട്ടം തുടങ്ങിയെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. ഹമാസിനു മേൽ കൂടുതൽ സമ്മർദം ചെലുത്തുകയെന്ന ലക്ഷ്യത്തോടെയാണ് യുദ്ധത്തിന്റെ പുതിയ ഗതിമാറ്റമെന്നും അദ്ദേഹം പറഞ്ഞു. ബന്ദികളുടെ കുടുംബാംഗങ്ങളുമായി നെതന്യാഹു കൂടിക്കാഴ്ച നടത്തി. ബന്ദികളെ മോചിപ്പിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ഗസ്സ കുരുതിക്കെതിരെ ലോകത്തുടനീളം വൻ പ്രതിഷേധം അലയടിക്കവെ, തുർക്കിയും ഇസ്രായേലും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായി. സമ്പൂർണ ഉപരോധം ഏർപ്പെടുത്തിയും കമ്യൂണിക്കേഷൻ സംവിധാനം തകർത്തും ഗസ്സക്കുമേൽ ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ഇസ്രായേൽ .

ഇന്നലെ രാത്രിയും വ്യാപക ആക്രമണങ്ങൾ അരങ്ങേറി. നൂറുകണക്കിന് കെട്ടിടങ്ങൾ തകർന്നു. സൈനികാക്രമണങ്ങളിലൂടെ ഹമാസിനുമേൽ പരമാവധി സമ്മർദം ചെലുത്തുകയെന്ന യുദ്ധതന്ത്രം വിജയിക്കുന്നതായി ഇസ്രായേൽ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും പ്രതികരിച്ചു. അതേസമയം ഗസ്സ പിടിക്കുക ഏറെ ദുഷ്‌കരമായ വെല്ലുവിളിയാണെന്ന് ഇരുവരും സമ്മതിച്ചു.

ഗസ്സ കുരുതി തുടർന്നാൽ മേഖലയിലെ രാജ്യങ്ങൾക്ക് വെറും കാഴ്ചക്കാരായി മാറിനിൽക്കാൻ കഴിയില്ലെന്ന് ഇറാനും തുർക്കിയും മുന്നറിയിപ്പ് നൽകി. ഇസ്രായേലിന് വിശാല പിന്തുണ നൽകി മറ്റാരും യുദ്ധത്തിൽ ഇടപെടരുതെന്ന അമേരിക്കൻ വാദം അംഗീകരിക്കാനാവില്ലെന്ന് ഇറാൻ പ്രസിഡന്റ് മുന്നറിയിപ്പ് നൽകി. ബന്ധം വഷളായതോടെ തുർക്കി നയതന്ത്രപ്രതിനിധികളോട് രാജ്യം വിടാൻ ഇസ്രായേൽ ആവശ്യപ്പെട്ടു. അടിയന്തര വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് യു.എൻ സെക്രട്ടറി ജനറൽ ആന്റണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു. ബന്ദികളുടെ മോചനനീക്കം ഉൾപ്പെടെ മധ്യസ്ഥചർച്ചകൾ തുടരുന്നതായി ഖത്തർ നേതൃത്വവും അറിയിച്ചു.