വേമ്പനാട്ടുകായൽ തീരത്തെ ബിനാലെ ശിൽപം മറിഞ്ഞുവീണിട്ട് രണ്ടുവർഷം: പുനഃസ്ഥാപിക്കാൻ നടപടിയില്ല
വൈക്കം ∙ വേമ്പനാട്ടുകായലിൽ നഗരസഭാ പാർക്കിനു സമീപം സ്ഥാപിച്ചിരുന്ന ബിനാലെ ശിൽപം പുനഃസ്ഥാപിക്കാൻ പുതിയ സർക്കാരിൽ പ്രതീക്ഷയർപ്പിച്ച് ജനം. ശിൽപം മറിഞ്ഞുവീണു രണ്ടുവർഷം കഴിഞ്ഞിട്ടും പുനഃസ്ഥാപിക്കാതെ ബീച്ച് മൈതാനത്തിനു സമീപം റോഡരികിൽ കാടുകയറി നശിക്കുകയാണ്. കായലോരത്ത് ശിൽപത്തോടൊപ്പം നിന്ന് സെൽഫി ഉൾപ്പെടെ എടുക്കാനും ഇതിന്റെ ഭംഗി ആസ്വദിക്കാനും ഒട്ടേറെ ആളുകളാണ് പാർക്കിൽ എത്തിയിരുന്നത്. 2024 മേയ് മാസത്തിലാണു കൂറ്റൻ മണിയുടെ മാതൃകയിലുള്ള ശിൽപം സ്ഥാപിച്ചിരുന്ന ഇരുമ്പ് തൂണുകൾ ദ്രവിച്ച് മണി ഉൾപ്പെടെ മറിഞ്ഞു വീണത്.കോൺക്രീറ്റ് തൂണിൽ തങ്ങി നിന്നതിനാൽ കായലിലേക്ക് വീണില്ല. ഇത് പാർക്കിൽ എത്തുന്നവർക്ക് ഉൾപ്പെടെ അപകട ഭീഷണിയായതിനെ തുടർന്ന് വേമ്പനാട്ടുകായലിൽനിന്ന് അഴിച്ച് യന്ത്ര സഹായത്തോടെ ബീച്ച് മൈതാനത്തുള്ള റോഡരികിലേക്കു മാറ്റുകയായിരുന്നു. കൊച്ചിൻ ബിനാലെയിൽനിന്ന് ഏറ്റെടുത്ത ശിൽപം പുനഃസ്ഥാപിക്കാൻ ലളിതകലാ അക്കാദമി വേണ്ടത്ര പരിഗണന നൽകുന്നില്ല. വൈക്കം കായലിൽ കലാസ്വാദകർക്ക് ദൃശ്യവിരുന്ന് ഒരുക്കി നിലനിന്നിരുന്ന ശിൽപം പുനഃസ്ഥാപിച്ച് ചുറ്റും നടപ്പാത ഒരുക്കി സെൽഫി കോർണറാക്കി മാറ്റുമെന്നാണ് അധികൃതർ പറഞ്ഞിരുന്നത്. എൻജിനീയറിങ് വിഭാഗം പദ്ധതി തയാറാക്കി ഡിസൈനിങ്ങും പ്ലാനിങ്ങും പൂർത്തീകരിച്ചെങ്കിലും തുടർനടപടി ഇല്ലാതെ ശിൽപം കാടുകയറി നാശത്തിന്റെ വക്കിലാണ്.ശിൽപം പുനഃസ്ഥാപിച്ചാൽ അത് വൈക്കത്ത് എത്തുന്ന വിനോദസഞ്ചാരികൾക്കും കലാസ്വാദകർക്കും മനോഹര കാഴ്ചയായി മാറും. വൈക്കത്തിന്റെ വിനോദസഞ്ചാര വികസനത്തിന് വലിയ മുതൽക്കൂട്ടാകും. ലളിതകലാ അക്കാദമിയുടെ പുതിയ ഭരണസമിതി അധികാരത്തിൽ വന്നാൽ ഉടൻ ശിൽപം പുനഃസ്ഥാപിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് അധികൃതർ ഉറപ്പു നൽകിയിട്ടുണ്ട്എം.കെ.ഷിബു, മുൻ സെക്രട്ടറി, ലളിതകലാ അക്കാദമി.2014-ലെ കൊച്ചി മുസിരിസ് ബിനാലെയുടെ ഭാഗമായിരുന്ന മണി കേരള ലളിതകലാ അക്കാദമി സെക്രട്ടറിയായിരുന്ന എം.കെ.ഷിബുവിന്റെ ശ്രമഫലമായി 2015-ലാണ് വൈക്കത്ത് എത്തിച്ചത്. തുടർന്ന് നഗരസഭയുടെ സഹകരണത്തോടെ കേരള ലളിതകലാ അക്കാദമി, നഗരസഭ പാർക്കിനടുത്ത് വേമ്പനാട്ടുകായലിൽ സ്ഥാപിച്ചു. ജലനി രപ്പിന് മുകൾഭാഗം വരെ കോൺക്രീറ്റ് തൂണുകൾ നിർമിച്ച് അതിനു മുകളിൽ ഇരുമ്പുതൂണുകൾ സ്ഥാപിച്ചാണ് ഇത് ഉറപ്പിച്ചത്. 13 അടി ഉയരത്തിലും 16 അടി വ്യാസത്തിലും സ്റ്റീലിൽ നിർമിച്ച മണിക്കു 2.5 ടൺ ഭാരമുണ്ട്. സമയാസമയം അറ്റകുറ്റപ്പണികൾ നടത്താതെ വന്നതാണ് ഇത് മറിഞ്ഞുവീഴാൻ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.
