സുഗതനെതിരെ പതിനൊന്ന് കേസുകളുണ്ട്, വട്ടിയൂർക്കാവിൽ കെ മുരളീധരന് വേണ്ടി പ്രവർത്തിച്ചു; നന്ദിസൂചകമായാണ് മന്ത്രി പൊലീസ് നടപടിയെ എതിര്‍ത്ത്; എ എ റഹീം
ഗുണ്ടാ സംഘത്തെ പരസ്യമായി ബിജെപി പിന്തുണയ്ക്കുകയാണെന്ന് എ എ റഹീം എം പി. രണ്ട് ദിവസമായി മേയര്‍ മുതല്‍ ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ സുഗതന് വേണ്ടി മുറവിളി കൂട്ടുന്നു. തിരുവനന്തപുരത്തെ മാഫിയവല്‍ക്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും എ എ റഹീം ചൂണ്ടിക്കാട്ടി. സുഗതനെതിരെ പതിനൊന്ന് കേസുകളുണ്ട്. രാഷ്ട്രീയമായി സമരം ചെയ്തതിന്റെ പേരിലുള്ള കേസുകളല്ല അയാള്‍ക്കെതിരെയുള്ളത്. എന്താണ് സുഗതന്റെ ബാക്ക്ഗ്രൗണ്ടെന്ന് റഹീം ചോദിച്ചു. രാഷ്ട്രീയ കേസുകള്‍ക്ക് കാപ്പ ചുമത്താറില്ല. നല്ല ഒന്നാന്തരം ഗുണ്ടാ പ്രവര്‍ത്തനം നടത്തിയ ആളാണ് സുഗതന്‍.
വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരന്റെ വിജയത്തിന് വേണ്ടി ബിജെപി നേതാവായ കാപ്പാ കേസ് പ്രതി സുഗതന്‍ പ്രവര്‍ത്തിച്ചുവെന്ന് എ എ റഹീം എംപി ആരോപിച്ചു. അതിന്റെ നന്ദിസൂചകമായാണ് പൊലീസ് നടപടിയെ എതിര്‍ത്ത് കെ മുരളീധരന്‍ സംസാരിച്ചത്. വട്ടിയൂര്‍ക്കാവ് ബിജെപിക്ക് വോട്ട് കുറഞ്ഞ മണ്ഡലമാണെന്നും എ എ റഹീം ചൂണ്ടിക്കാട്ടി.കെ മുരളീധരന്‍ നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണ്. സുഗതന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് പ്രതികരിക്കവെ പൊലീസ് നടപടിയെ കെ മുരളീധരന്‍ തള്ളിപ്പറഞ്ഞിരുന്നു. അനാവശ്യ ടെന്‍ഷനാണ് പൊലീസ് സൃഷ്ടിച്ചതെന്നും വെടിവെയ്‌ക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്നുമായിരുന്നു മുരളീധരന്‍ പറഞ്ഞത്.
