Friday, June 5, 2026
Latest:
Uncategorized

രേഷ് ബാബുവിന്റെ മരണം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍; റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി

Spread the love

 

തൃശൂര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് തടവുകാരന്‍ രേഷ് ബാബുവിന്റെ മരണത്തില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍. രേഷ് ബാബുവിന്റെ മരണത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ജയില്‍ വകുപ്പ് മേധാവിയും തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണറും 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം. ജന്മനാ മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ സാധാരണ ജയിലിലേക്ക് അയച്ചതില്‍ പോലീസിന്റെ ഭാഗത്ത് വിഴ്ചയുണ്ടെന്ന് ആരോപണം ഉയര്‍ന്നതോടെയാണ് കമ്മീഷന്‍ ഇടപെടല്‍. (Resh Babu’s death)

 

 

സംഭവത്തില്‍ പൂര്‍ണ്ണമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ജയില്‍ വകുപ്പ് മേധാവിയുമായി സംസാരിച്ചു. റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ജയില്‍ മര്‍ദനം ഉണ്ടായിട്ടുണ്ട് എന്ന രേഖ കാണാന്‍ സാധിച്ചിട്ടില്ല. പ്ലേറ്റ്‌ലെറ്റ് കുറഞ്ഞതാണെന്നാണ് പ്രാഥമിക വിവരം ലഭിച്ചത്. പൂര്‍ണ്ണമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട് – ആഭ്യന്തരമന്ത്രി വ്യക്തമാക്കി.കഴിഞ്ഞമാസം 17നാണ് ഒരാളെ തടഞ്ഞു നിര്‍ത്തി ആക്രമിച്ച് മോഷണം നടത്തിയെന്ന കേസില്‍ പ്രതി ചേര്‍ത്ത് രേഷ് ബാബു ഉള്‍പ്പെടെ നാലു പേരെ പൊലീസ് കോടതിയില്‍ ഹാജരാക്കി മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തത്. മകന്‍ മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്നും അതിന് രേഖകള്‍ ഉണ്ടെന്നും അറിയിച്ചിട്ടും തൃശൂര്‍ ഈസ്റ്റ് പൊലീസ് ചെവിക്കൊണ്ടില്ല എന്നാണ് കുടുംബത്തിന്റെ ആരോപണം.

 

രേഷ് ബാബു സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഉള്‍പ്പെടെ വാങ്ങുന്ന ആളാണെന്നും പ്രതിയാണെങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് അലംഭാവം ഉണ്ടായിയെന്നും സിപിഐഎം നേതാക്കള്‍ ആരോപിക്കുന്നു.

 

കഴിഞ്ഞമാസം 26നാണ് തൃശൂര്‍ ജില്ലാ ജയിലില്‍ വച്ച് മകന് പരുക്കേറ്റിട്ടുണ്ടെന്നും ആശുപത്രിയില്‍ ആണെന്നും കുടുംബത്തെ അറിയിക്കുന്നത്. അതേസമയം രക്തത്തില്‍ പ്ലേറ്റ്‌ലറ്റ് കുറഞ്ഞു പോയതാണ് മരണകാരണം എന്നാണ് ജയില്‍ വകുപ്പിന്റെ വിശദീകരണം.