Kerala

കൊട്ടിക്കലാശത്തിനിടെ ആക്രമണം; സിആർ മഹേഷ് എംഎൽഎക്കും 149 യുഡിഎഫ് പ്രവര്‍ത്തകര്‍ക്കുമെതിരെ വധശ്രമത്തിന് കേസ്

Spread the love

കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ കൊട്ടിക്കലാശവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ സി.ആർ.മഹേഷ് എം എൽ എ ഉൾപ്പെടെ 150 യുഡിഎഫ് പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്. സി പി എം സംസ്ഥാന സമിതി അംഗം സൂസൻ കോടിയെ ആക്രമിച്ചെന്ന പരാതിയിലാണ് കേസ്. കൊന്നുകളെയടാ എന്ന ആക്രോശത്തോടെ യു ഡി എഫ് പ്രവർത്തകൻ കമ്പി വടി കൊണ്ട് തല ലക്ഷ്യമാക്കി സൂസനെ ആക്രമിച്ചെന്നും ഒഴിഞ്ഞു മാറിയാതിനാൽ കൈക്ക് അടി കൊണ്ട് പരിക്കേറ്റെന്നുമാണ് മൊഴി. സംഘർഷത്തിലും ലാത്തിച്ചാർജിലുമായി 16 എൽഡിഎഫ് പ്രവർത്തകർക്കും സി ആർ മഹേഷ് എം എൽ എ ഉൾപ്പെടെ 20 യുഡിഎഫ് പ്രവർത്തകർക്കും പരിക്കേറ്റിരുന്നു

കൊട്ടിക്കലാശത്തിനിടെ എല്‍ഡിഎഫ് പ്രവര്‍ത്തകരും യുഡിഎഫ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിനിടെയാണ് സിആര്‍ മഹേഷ് എംഎല്‍എക്ക് പരിക്കേറ്റത്. സിഐ ഉള്‍പ്പെടെ നാലു പൊലീസുകാര്‍ക്കും പരിക്കേറ്റിരുന്നു. പൊലീസ് പ്രവര്‍ത്തകരെ പിരിച്ചുവിടാൻ കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തിരുന്നു. സിആര്‍ മഹേഷ് എംഎല്‍എ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.

സംഘര്‍ഷത്തിനിടെയുണ്ടായ കല്ലേറിലാണ് എം.എല്‍എക്കും പൊലീസുകാര്‍ക്കും പരിക്കേറ്റത്. കരുനാഗപ്പള്ളിയിലെ സംഘര്‍ഷത്തിനിടെ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സൂസൻ കൊടിയിലിനും പരിക്കേറ്റിരുന്നു. കല്ലേറിനിടെയാണ് പരിക്കേറ്റത്. പൊലീസ് ലാത്തിവീശിയാണ് പ്രവര്‍ത്തകരെ പിരിച്ചവിട്ടത്. കരുനാഗപ്പള്ളി എസിപി പ്രദീപ്കുമാറിനും പരിക്കേറ്റു. സംഭവത്തില്‍ സൂസൻ കൊടിയില്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയിലാണിപ്പോള്‍ പൊലീസ് കേസെടുത്തത്.