Kerala

‘പണ്ടത്തെ കമ്മ്യൂണിസ്റ്റ് നേതാക്കൾ ജീവിച്ചിരുന്നെങ്കിൽ ചാട്ടവാറിനടിച്ചേനെ’; കർഷകൻ്റെ ആത്മഹത്യയിൽ സർക്കാരിനെതിരെ കെ മുരളീധരൻ

Spread the love

ആലപ്പുഴയിലെ കർഷക ആത്മഹത്യയിൽ സംസ്ഥാന സർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച് കെ മുരളീധരൻ എംപി. സംസ്ഥാന സർക്കാരാണ് കർഷകന്റെ മരണത്തിന് ഉത്തരവാദി. സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സർക്കാരിന്റെ കൊടിയ ധൂർത്ത്. പഴയകാല കമ്മ്യൂണിസ്റ്റ് നേതാക്കൾ ജീവിച്ചിരുന്നെങ്കിൽ ഇവരെ ചാട്ടവാറിനടിച്ചേനെ എന്നും അദ്ദേഹം പറഞ്ഞു.

ബിജെപി ഇതര സംസ്ഥാനങ്ങളോട് കേന്ദ്രത്തിനുള്ളത് ഒരേ നയം. അവിടങ്ങളിലെല്ലാം ചെലവ് ചുരുക്കിയാണ് വികസനത്തിനുള്ള പണം കണ്ടെത്തുന്നത്. എന്നാൽ കേരളത്തിൽ മാത്രമാണ് ധൂർത്തടിക്കുന്നത്. സാധാരണക്കാരെ അനുദിനം ദുരിതത്തിലാക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം വിമർശിച്ചു.

കുട്ടനാട് തകഴി കുന്നുമ്മ അംബേദ്കര്‍ കോളനിയില്‍ താമസിക്കുന്ന കര്‍ഷകന്‍ കെ.ജി പ്രസാദിനെയാണ് വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബിജെപി കര്‍ഷക സംഘടനയുടെ ഭാരവാഹി കൂടിയാണ് പ്രസാദ്. സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്ന കുറിപ്പ് എഴുതിവച്ച ശേഷമായിരുന്നു കര്‍ഷകന്റെ ആത്മഹത്യ.

പിആര്‍എസ് വായ്പയില്‍ സര്‍ക്കാര്‍ കുടിശിക വരുത്തിയത് തിരിച്ചടിയായെന്നും തന്റെ മരണത്തിന് സര്‍ക്കാര്‍ ഉത്തരവാദിയാണെന്നും സൂചിപ്പിച്ചാണ് പ്രസാദ് തന്റെ ആത്മഹത്യാക്കുറിപ്പെഴുതിയത്. വായ്പാ തിരിച്ചടവ് വൈകിയതോടെ പ്രസാദിന് മറ്റ് വായ്പകള്‍ കിട്ടാതെ വന്നത് കര്‍ഷകനെ വലിയ സാമ്പത്തിക ഞെരുക്കത്തിലേക്ക് തള്ളിവിട്ടെന്നും ഇതില്‍ മനംനൊന്താണ് ഇദ്ദേഹം ആത്മഹത്യ ചെയ്തതെന്നുമാണ് വിവരം.