Kerala

വയനാട് തലപ്പുഴ മേഖലയിൽ എത്തിയ മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞു

Spread the love

വയനാട് തലപ്പുഴ മേഖലയിൽ എത്തുന്ന മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞ് പൊലീസ്. കമ്പമല കെഎഫ്ഡിസി ഓഫീസ് ആക്രമിച്ചതും സിസിടിവി തകർത്തതും കഴിഞ്ഞ ദിവസം റിസോർട്ടിൽ എത്തിയതും ഇതേ അഞ്ചുപേർ എന്ന് പൊലീസ് സ്ഥിരീകരിച്ചു. മേഖലയിൽ പൊലീസിന്റെ പരിശോധന ഊർജ്ജിതമാക്കി.

കഴിഞ്ഞ 28 നാണ് കമ്പമല കെഎസ്‌ഡി‌സി ഓഫീസിന് നേരെ ആക്രമണം ഉണ്ടായത്. അഞ്ചംഗ മാവോയിസ്റ്റ് സംഘമാണ് ഓഫീസ് അടിച്ചു തകർത്തത്. സംഘത്തിൽ സി.പി മൊയ്തീൻ ഉണ്ടായിരുന്നുവെന്ന് മൊഴികളുടെ അടിസ്ഥാനത്തിൽ വ്യക്തമായി. ഇതിനുശേഷം ഒന്നാം തീയതി തലപ്പുഴയിലെ രണ്ടു വീടുകളിൽ അഞ്ചംഗ സംഘം എത്തി. പിന്നീട് നാലാം തീയതി കമ്പമലയിലെ പാടിയിലെത്തിയ സംഘം പൊലീസ് സ്ഥാപിച്ച സിസിടിവി അടിച്ചുതകർത്തു.

എന്നാൽ ഈ സിസിടിവിയിൽ അഞ്ചുപേരുടെയും ദൃശ്യങ്ങൾ കൃത്യമായി പതിഞ്ഞിരുന്നു. സി.പി മൊയ്തീൻ, മനോജ്, സന്തോഷ്, വിമൽ കുമാർ, സോമൻ എന്നിവരാണ് ഇവരെന്ന് പൊലീസ് തിരിച്ചറിഞ്ഞു. കഴിഞ്ഞ ദിവസം മക്കിമലയിലെ റിസോർട്ടിൽ എത്തിയതും ഇവരാണെന്ന് സ്ഥിരീകരിച്ചു. കബനി ദളത്തിൻ്റെ ഭാഗമായി 18 പേർ പ്രവർത്തിക്കുന്നതാണ് പൊലീസിന്റെ കണ്ടെത്തൽ. 18 പേരിൽ 6 പേർ സ്ത്രീകളാണ്. ഇവരുടെ ലുക്കൗട്ട് നോട്ടീസ് പൊലീസ് പുറത്തിറക്കിയിട്ടുണ്ട്.

ആറളം മുതൽ കമ്പമല വരെയുള്ള പ്രദേശങ്ങളിലും കർണാടക വനത്തോട് ചേർന്ന മേഖലകളിലും ഇവരുടെ സാന്നിധ്യമുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇവർക്ക് വേണ്ട സഹായം പുറത്തു നിന്നും എത്തുന്നുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചു. മാവോയിസ്റ്റുകളെ പിടികൂടാനായി മേഖലയിൽ തണ്ടർബോൾട്ട് പരിശോധന ഊർജിതമാക്കി. ഡ്രോൺ ഉപയോഗിച്ച് വനമേഖലയിൽ ആകാശ നിരീക്ഷണവും തുടരുകയാണ്.