Tuesday, May 14, 2024
Latest:
Kerala

യുഡിഎഫിലെ പല നേതാക്കളും എൽഡിഎഫിലേക്കെത്തും; ഇ.പി ജയരാജന്‍

Spread the love

ഇന്‍ഡിഗോ വിമാനക്കമ്പനിക്കെതിരായ നിലപാടില്‍ മാറ്റമില്ലെന്നാവര്‍ത്തിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. അവര്‍ തെറ്റ് തിരുത്താതെ ഇന്‍ഡിഗോയില്‍ ഇനി കയറില്ല. വന്ദേഭാരത് വന്നതോടെ കേരളത്തില്‍ കെ റെയിലിന്റെ സാധ്യത കൂടിയെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

‘കേരളത്തിന്റെ ഭാവിക്ക് കെറെയില്‍ വരണം. വന്ദേഭാരത് വന്നതോടെ കുറച്ചുകൂടി സൗകര്യങ്ങളും വേഗതയും വേണമെന്ന് ആളുകള്‍ പറഞ്ഞുതുടങ്ങി. ഞാനിപ്പോള്‍ യാത്ര ചെയ്യുന്നത് വന്ദേഭാരതിലാണ്. വന്ദേഭാരത് വന്നതോടെ കെ റെയിലിന്റെ സാധ്യത കൂടി. എട്ടാം തീയതി മുതല്‍ എയര്‍ ഇന്ത്യ പുതിയ സര്‍വീസ് തുടങ്ങിയല്ലോ. മറ്റന്നാള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിലാണ് തലസ്ഥാനത്ത് നിന്ന് നിന്ന് കണ്ണൂരിലേക്ക് പോകുക’. ഇ പി പ്രതികരിച്ചു.

സിപിഐഎം അനുകൂല ട്രസ്റ്റ് വേദിയില്‍ പി കെ കുഞ്ഞാലിക്കുട്ടി നേരിട്ട് പങ്കെടുക്കാതിരുന്നതിലും ഇ പി ജയരാജന്‍ പ്രതികരിച്ചു. കുഞ്ഞാലിക്കുട്ടി പങ്കെടുക്കുന്നതിനെ കോണ്‍ഗ്രസ് എന്തിന് തടയുന്നുവെന്ന് ചോദിച്ച ഇപി, ഏറ്റവും പിന്തിരിപ്പന്‍ കോണ്‍ഗ്രസ് ബോധമാണിതെന്നും കുറ്റപ്പെടുത്തി. മലപ്പുറത്ത് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയെ കോണ്‍ഗ്രസ് തള്ളിപ്പറഞ്ഞു. കുഞ്ഞാലിക്കുട്ടിയെ തടസപ്പെടുത്തിയാലൊന്നും കോണ്‍ഗ്രസ് രക്ഷപ്പെടില്ല. യുഡിഎഫില്‍ നിന്ന് കൂടുതല്‍ നേതാക്കള്‍ എല്‍ഡിഎഫിലേക്കെത്തും. ന്യൂനപക്ഷങ്ങള്‍ ഇടതുപക്ഷവുമായി സഹകരിക്കുന്നുണ്ടെന്നും ജയരാജന്‍ പറഞ്ഞു