National

ഗരീബ് രഥ് എക്‌സ്പ്രസിലെ എ സിയുടേയും ഫാനിന്റേയും തകരാര്‍ പരിഹരിച്ചു; നടപടി യാത്രക്കാരുടെ പ്രതിഷേധത്തിന് പിന്നാലെ

Spread the love

യാത്രക്കാരുടെ പ്രതിഷേധത്തിന് പിന്നാലെ ലോകമാന്യ തിലക്-കൊച്ചുവേളി ഗരീബ് രഥ് എക്‌സ്പ്രസിലെ യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിച്ചു. ട്രെയിനിലെ എ സി കോച്ചിലെ എ സിയുടേയും ഫാനിന്റേയും തകരാര്‍ താത്ക്കാലികമായി പരിഹരിച്ചു. ഉപകരണങ്ങള്‍ തകരാറിലായതിനെ തുടര്‍ന്ന് യാത്രക്കാര്‍ ട്രെയിനില്‍ പ്രതിഷേധിച്ചിരുന്നു. ശുചിമുറിയില്‍ വെള്ളമില്ലെന്നും യാത്രക്കാര്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് കോഴിക്കോട് കുറച്ചു നേരം ട്രെയിന്‍ നിര്‍ത്തി പ്രശ്‌നം തല്ക്കാലം പരിഹരിച്ചു കൊച്ചു വേളിയ്ക്ക് യാത്ര തുടര്‍ന്നു.

സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ എ സിയില്‍ യാത്ര ചെയ്യുന്നതിനായി ഏര്‍പ്പെടുത്തിയ ട്രെയിനാണ് ഗരീബ് രഥ്. എന്നാല്‍ ട്രെയിനിലെ എ സിയും ഫാനും ശുചിമുറിയിലെ ടാപ്പും ഉള്‍പ്പെടെ പണിമുടക്കിയത് ദീര്‍ഘദൂര യാത്രക്കാരെ വല്ലാതെ വലച്ചു. യാത്രക്കാര്‍ തകരാറുകള്‍ ഉയര്‍ത്തിക്കാട്ടി പ്രതിഷേധം ആരംഭിച്ചപ്പോഴാണ് സംഭവം ട്വന്റിഫോര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ട്രെയിന്‍ മംഗലാപുരം കഴിഞ്ഞപ്പോള്‍ മുതല്‍ തകരാറുകള്‍ തുടങ്ങിയെന്നും കണ്ണൂരെത്തിയപ്പോഴേക്ക് ദുരിതങ്ങള്‍ അതിരൂക്ഷമായെന്നുമാണ് യാത്രക്കാര്‍ പറയുന്നത്. ആദ്യം എ സിയും പിന്നീട് ഫാനുകളും ഓഫായെന്നും പിന്നീട് ടാപ്പില്‍ നിന്ന് വെള്ളം വരാതായെന്നുമായിരുന്നു യാത്രക്കാരുടെ പരാതി.