National

‘ഇന്ത്യ ലോകകപ്പ് ഫൈനൽ ജയിച്ചേനെ…’: ബിജെപിക്കെതിരെ പരോക്ഷ പരിഹാസവുമായി യാദവ്

Spread the love

ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യയുടെ തോൽവിക്ക് പിന്നാലെ ബിജെപിക്കെതിരെ പരോക്ഷ പരിഹാസവുമായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. അഹമ്മദാബാദിനു പകരം ലഖ്നൗവിലാണ് മത്സരം നടന്നിരുന്നതെങ്കിൽ ടീം ഇന്ത്യ വിജയിക്കുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിലെ ഇറ്റാവ ജില്ലയിൽ ഒരു പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അഖിലേഷ് യാദവ്.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ത്യയെ ആറ് വിക്കറ്റിന് തോൽപ്പിച്ചാണ് ഓസ്‌ട്രേലിയ ആറാം കിരീടം ചൂടിയത്. ഡ്രസിങ് റൂമിൽ എത്തി താരങ്ങളെ ആശ്വസിപ്പിക്കുന്ന പ്രധാനമന്ത്രിയുടെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പിന്നാലെയാണ് പരോക്ഷ പരിഹാസവുമായി അഖിലേഷ് യാദവ് രംഗത്തെത്തിയത്.

ലഖ്നൗവിലാണ് ലോകകപ്പ് ഫൈനൽ മത്സരം നടന്നിരുന്നതെങ്കിൽ ഇന്ത്യ ജയിച്ചേനെ. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെയും ഭഗവാൻ വിഷ്ണുവിന്റെയും അനുഗ്രഹം ടീമിന് ലഭിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. “ഗുജറാത്തിൽ നടന്ന മത്സരം (ലോകകപ്പ് 2023 ഫൈനൽ) ലഖ്നൗവിൽ നടന്നിരുന്നെങ്കിൽ അവർക്ക് (ടീം ഇന്ത്യ) ഒരുപാട് പേരുടെ അനുഗ്രഹം ലഭിക്കുമായിരുന്നു… ലഖ്നൗവിൽ മത്സരം നടന്നിരുന്നെങ്കിൽ മഹാവിഷ്ണുവിന്റെയും വാജ്‌പേയിയുടെയും അനുഗ്രഹം ഇന്ത്യക്ക് ലഭിക്കുകയും ടീം വിജയിക്കുകയും ചെയ്യുമായിരുന്നു”- അഖിലേഷ് യാദവ് പറഞ്ഞു.

ലഖ്നൗ ക്രിക്കറ്റ് സ്റ്റേഡിയത്തിന് മുൻ സമാജ്‌വാദി പാർട്ടി സർക്കാർ ‘ഏകന സ്റ്റേഡിയം’ എന്ന് നാമകരണം ചെയ്തിരുന്നു. മഹാവിഷ്ണുവിന്റെ അനേകം നാമങ്ങളിൽ ഒന്നാണ് ഏകന. മുൻ പ്രധാനമന്ത്രിയോടുള്ള ആദരസൂചകമായി 2018-ൽ യോഗി ആദിത്യനാഥ് സർക്കാർ സ്റ്റേഡിയത്തിന് ‘ഭാരത് രത്ന അടൽ ബിഹാരി വാജ്‌പേയി ഏകന ക്രിക്കറ്റ് സ്റ്റേഡിയം’ എന്ന് പുനർനാമകരണം ചെയ്തു.