Kerala

ഭര്‍ത്താക്കാന്മാരുടെ മാതാപിതാക്കളാണ് 90 ശതമാനം കുറ്റക്കാര്‍, സ്ത്രീധനം ചോദിച്ചെത്തിയവരോട് ഇറങ്ങിപ്പോകാന്‍ പറയാതെ ഞാനുള്‍പ്പെടെയുള്ളവര്‍ ചെയ്തതും വലിയ തെറ്റ്’; വിസ്മയയുടെ അച്ഛന്‍ പറയുന്നു

Spread the love

നാടാകെ ചര്‍ച്ച ചെയ്ത സ്ത്രീധന മരണള്‍ക്ക് ശേഷവും പ്രബുദ്ധ കേരളത്തില്‍ വീണ്ടും സ്ത്രീധന പീഡനമുണ്ടാകുന്നുവെന്നതിന്റെ തെളിവാണ് പന്തീരങ്കാവില്‍ നിന്ന് ഇന്ന് വന്ന വാര്‍ത്ത. സ്ത്രീധനത്തിന്റെ പേരില്‍ നവവധു ഭര്‍ത്താവ് രാഹുലില്‍ നിന്ന് അതിക്രൂരമര്‍ദനമാണ് നേരിട്ടത്. കേരളത്തിലെ സ്ത്രീകള്‍ നേരിടുന്ന സ്ത്രീധന പീഡനങ്ങള്‍ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ചര്‍ച്ചയാകുമ്പോള്‍ കേരളം ഓര്‍ത്തിരിക്കുന്ന പേരുകളില്‍ ഏറ്റവും പ്രധാനപ്പെട്ട പേര് വിസ്മയയുടേതാണ്. തന്റെ മകള്‍ വിസ്മയയുടെ ആത്മഹത്യയ്ക്ക് ശേഷവും കേരളത്തില്‍ നടക്കുന്ന സ്ത്രീധന പീഡനങ്ങളില്‍ ദുഃഖവും പന്തീരങ്കാവിലെ പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷപ്പെട്ടതിലുള്ള ആശ്വാസവും രേഖപ്പെടുത്തിയിരിക്കുകയാണ് വിസ്മയയുടെ പിതാവ് ത്രിവിക്രമന്‍ നായര്‍. ചെറുപ്പത്തിലെ തന്നെ കുട്ടികള്‍ക്കിടയില്‍ സ്ത്രീധനത്തിന്റെ വിപത്തുകളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക മാത്രമാണ് പ്രശ്‌നത്തിന് ഏക പരിഹാരമെന്ന് ത്രിവിക്രമന്‍ നായര്‍ പറഞ്ഞു.

ഹയര്‍ സെക്കന്ററി ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി അര മണിക്കൂറെങ്കിലും സ്ത്രീധനത്തിനെതിരെ ബോധവത്ക്കരണ ക്ലാസുകള്‍ നല്‍കണമെന്ന് ത്രിവിക്രമന്‍ നായര്‍ പറയുന്നു. യുവാക്കള്‍ക്ക് മാത്രമല്ല സ്ത്രീധന വിഷയത്തില്‍ രക്ഷിതാക്കള്‍ക്കും ഉത്തരവാദിത്തമുണ്ട്. സ്ത്രീധനം ചോദിച്ചെത്തിയവരോട് നിന്റെ പണി നോക്കി പോടാ എന്ന പറയാനുള്ള ധൈര്യം ഞാന്‍ കാണിച്ചില്ല. അത് എന്റെ തെറ്റാണെന്ന് തനിക്ക് ബോധ്യമുണ്ടെന്നും ത്രിവിക്രമന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.

ഒരു വീട്ടില്‍ സ്ത്രീധന പീഡനം നടന്നാല്‍ വിവാഹം കഴിച്ച യുവാവിന്റെ വീട്ടുകാരാണ് 90 ശതമാനം കുറ്റക്കാരെന്ന് ത്രിവിക്രമന്‍ നായര്‍ പറയുന്നു. സ്വന്തം മകന്‍ കൂടെ കൊണ്ടുവരുന്ന പെണ്‍കുട്ടിയുടെ കാര്യത്തില്‍ അവര്‍ക്ക് ഉത്തരവാദിത്തമുണ്ട്. വിസ്മയയെ കിരണ്‍ അടിച്ചിരുന്നതായി അയാളുടെ പിതാവ് കണ്ടതാണ്. അത് വിലക്കാന്‍ അവര്‍ തയാറായില്ല. പന്തീരങ്കാവിലെ പെണ്‍കുട്ടി ദൈവാനുഗ്രഹം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും ത്രിവിക്രമന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.