Kerala

‘വിഴിഞ്ഞം പദ്ധതിയെ ഇടതുപക്ഷം ഒരുകാലത്തും എതിർത്തിട്ടില്ല’; കരാറിലെ ചില വ്യവസ്ഥകളോടായിരുന്നു വിയോജിപ്പെന്ന് എംവി ഗോവിന്ദൻ

Spread the love

വിഴിഞ്ഞം പദ്ധതിയെ ഇടതുപക്ഷം ഒരുകാലത്തും എതിർത്തിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സംസ്ഥാന താത്പര്യത്തെ ഹനിക്കുന്ന കരാറിലെ ചില വ്യവസ്ഥകളോടായിരുന്നു എതിർപ്പ് എന്നും അദ്ദേഹം പറഞ്ഞു. ദേശാഭിമാനിലെഴുതി ലേഖനത്തിലാണ് എം വി ഗോവിന്ദന്റെ പരാമർശം.

പദ്ധതി ഉപേക്ഷിക്കാൻ ഉമ്മൻചാണ്ടി സർക്കാരും മൻമോഹൻ സർക്കാരും തീരുമാനിച്ചിരുന്നു. അന്ന് എൽഡിഎഫ് വിഴിഞ്ഞം മുതൽ അയ്യങ്കാളി ഹാൾ വരെ മനുഷ്യച്ചങ്ങല തീർത്തു. ചങ്ങലയുടെ ആദ്യ കണ്ണിയായത് സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനാണ്. പദ്ധതിയെ എതിർത്തു എന്ന യുഡിഎഫ് വാദം ശുദ്ധ അസംബന്ധമാണെന്ന് തെളിയിക്കാൻ ഇതു മതി എന്ന് എഴുതിയ അദ്ദേഹം ഇ കെ നായനാരുടെ കാലത്താണ് പദ്ധതിക്ക് തുടക്കം കുറിച്ചത് എന്ന് ആവർത്തിക്കുകയും ചെയ്തു.

ഈ മാസം 15 നാണ് വിഴിഞ്ഞം തുറമുഖത്തെത്തിയ ആദ്യ കപ്പലിന് സംസ്ഥാന സർക്കാർ ഔദ്യോഗിക സ്വീകരണം നൽകിയത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ചൈനീസ് കപ്പലായ ഷെൻഹുവ 15നെ ഫ്‌ളാഗ് ഇൻ ചെയ്ത് സ്വീകരിച്ചു. കേരളത്തെ സംബന്ധിച്ച് അസാധ്യമായി ഒന്നുമില്ലെന്ന് പൊതുപരിപാടിയിൽ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തടസങ്ങൾ ഉണ്ടായെങ്കിലും വേഗത്തിൽ വിഴിഞ്ഞത്ത് കപ്പലെത്തിക്കാൻ സാധിച്ചെന്നും എത്ര വലിയ പ്രതിസന്ധിയും അതിജീവിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചില രാജ്യാന്തര ലോബികൾ വിഴിഞ്ഞം തുറമുഖത്തിന് എതിരെ നിന്നുവെന്നും മുഖ്യമന്ത്രി പ്രസംഗവേളയിൽ പറഞ്ഞു. തടസങ്ങൾ പലതുണ്ടായിരുന്നിട്ടും വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമാക്കാൻ സാധിച്ചു. അപൂർവതകളിൽ അപൂർവമായ സവിശേഷതകളാണ് വിഴിഞ്ഞം തുറമുഖത്തിനുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിഴിഞ്ഞം പദ്ധതി ജനങ്ങൾ വലിയ തോതിൽ ആഗ്രഹിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏത് പ്രതിസന്ധിയേയും ഐക്യത്തോടെയും കൂട്ടായ്മയോടെയും മറികടക്കുമെന്ന് നമ്മൾ തെളിയിച്ചു. വികസിത കേരളമാണ് എല്ലാവരുടേയും ആഗ്രഹം. കേരളത്തിന്റെ വികസനക്കുതിപ്പിന് വിഴിഞ്ഞം കരുത്തേകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിമാരും വി ഡി സതീശൻ ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു. കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സർബാനന്ദ സോനോവാളാിയുരുന്നു പരിപാടിയിലെ മുഖ്യാതിഥി. കേന്ദ്രമന്ത്രി വി മുരളീധരനും പരിപാടിയിൽ പങ്കെടുത്തിരുന്നു. വിഴിഞ്ഞം ഇടവക പ്രതിനിധികൾ ചടങ്ങിലുണ്ടായിരുന്നെങ്കിലും ലത്തീൻ സഭാ നേതൃത്വം പരിപാടിയിൽ നിന്ന് വിട്ടുനിന്നു.