Kerala

മലപ്പുറത്ത് ഷിഗെല്ല; രണ്ട് കുട്ടികളടക്കം മൂന്നുപേര്‍ ആശുപത്രിയില്‍

Spread the love

മലപ്പുറത്ത് മൂന്നുപേര്‍ക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കൊണ്ടോട്ടി നെടിയിരിപ്പ് പഞ്ചായത്തില്‍ രണ്ട് കുട്ടികളടക്കം മൂന്നുപേര്‍ക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. നേരത്തെ കാസര്‍ഗോഡ് ഷവര്‍മയില്‍ നിന്നുള്ള ഭക്ഷ്യവിഷബാധയേറ്റ് മരിച്ച വിദ്യാര്‍ത്ഥിക്ക് ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു.

അതേസമയം സംസ്ഥാനത്ത് ഇന്നും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോധന നടന്നതില്‍ തിരുവന്തപുരം മെഡിക്കല്‍ കോളജിന് സമീപത്തെ ആസാദ് ഹോട്ടലില്‍ പഴകിയ ഇറച്ചി പിടികൂടി. സ്ഥാപനത്തിന് ഭക്ഷ്യ സുരക്ഷ വിഭാഗം നോട്ടിസ് നല്‍കി.

കാസര്‍ഗോഡ് നഗരത്തില്‍ നടത്തിയ പരിശോധനയില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ ഷവര്‍മ പാകം ചെയ്തതിനെ തുടര്‍ന്ന് എം.ജി റോഡിലെ കൊഞ്ചി ഷവര്‍മ സെന്റര്‍ പരിശോധനാ സംഘം അടപ്പിച്ചു. കോഴിക്കോട് തീക്കുനിയില്‍ പതിനഞ്ച് കിലോ അഴുകിയ മത്സ്യവും പരിശോധനയില്‍ പിടികൂടി. ആലപ്പുഴ പുന്നപ്രയില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച ഹോട്ടല്‍ ഭക്ഷ്യസുരക്ഷാ വിഭാഗം അടപ്പിച്ചു.

സംസ്ഥാനത്ത് ഇന്ന് മാത്രം ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച പത്ത് സ്ഥാപനങ്ങളാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പൂട്ടിച്ചത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ലൈസന്‍സില്ലാത്തതിനാല്‍ നൂറ്റി അമ്പത്തിരണ്ട് കടകളാണ് അടപ്പിച്ചത്. വരും ദിവസങ്ങളില്‍ ശക്തമായ പരിശോധന തുടരാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.