Kerala

പ്രഖ്യാപനത്തിന് മുന്‍പേ പ്രചാരണം തുടങ്ങി ബിജെപി; എ എന്‍ രാധാകൃഷ്ണന് പ്രചാരണം തുടങ്ങാന്‍ നിര്‍ദേശം

Spread the love

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുന്‍പേ പ്രചാരണം ആരംഭിച്ച് ബിജെപി. പ്രചാരണമാരംഭിക്കാന്‍ എ എന്‍ രാധാകൃഷ്ണന് പാര്‍ട്ടി നേതൃത്വം നിര്‍ദേശം നല്‍കിയെന്നാണ് വിവരം. കേന്ദ്രതീരുമാനം വൈകുന്ന സാഹചര്യത്തിലാണ് പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം. എ എന്‍ രാധാകൃഷ്ണന്‍ ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന തരത്തില്‍ മുന്‍പ് തന്നെ ചര്‍ച്ചകള്‍ സജീവമായിരുന്നു. സ്ഥാനാര്‍ഥിയെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം.

തൃക്കാക്കരയില്‍ എല്‍ഡിഎഫും യുഡിഎഫും വ്യാപക പ്രചാരണത്തിലാണ്. ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ മുന്നണികള്‍ ആരംഭിച്ചു. കൂടുതല്‍ നേതാക്കളെ അണിനിരത്തി പ്രചാരണം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് എല്‍ഡിഎഫ്. ഇടതു സ്ഥാനാര്‍ത്ഥിക്കെതിരെ ഉയര്‍ത്തിയ വിമര്‍ശനം മയപ്പെടുത്തി യുഡിഎഫ്. സഭാ സ്ഥാനാര്‍ത്ഥിയെന്ന പ്രചാരണം തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് നീക്കം.
ഇടതു സ്ഥാനാര്‍ത്ഥി ജോ ജോസഫിനെ സഭാ സ്ഥാനാര്‍ത്ഥിയെന്ന് വിശേഷിപ്പിച്ചെങ്കിലും അത് ശരിയായില്ലെന്നാണ് യുഡിഎഫ് ക്യാമ്പിന്റെ വിലയിരുത്തല്‍. സീറോ മലബാറിക് സഭയുടെ വിശദീകരണമെത്തിയതോടെയാണ് യുഡിഎഫിന്റെ മനംമാറ്റം. സ്ഥാനാര്‍ത്ഥിയെ അക്രമിക്കുന്നതിന് പകരം കെ റെയില്‍ ഉള്‍പ്പെടെ സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനം കടുപ്പിക്കാനാണ് തീരുമാനം.

ഇടതുപക്ഷമാകട്ടെ ആരോപണങ്ങളെ പ്രതിരോധിക്കാന്‍ പാടുപെടുന്നുണ്ടെങ്കിലും കാടിളക്കിയുള്ള പ്രചാരണത്തിലൂടെ ആരോപണങ്ങളെ മറി കടക്കാനാണ് ശ്രമിക്കുന്നത്. ഇതിനായി യുവ നേതാക്കളെ കളത്തിലിറക്കും. ആരോപണ പ്രത്യാരോപണങ്ങളുമായി ഇരു മുന്നണികളും മുന്നോട്ട് പോകുമ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി ആരെന്ന് ഇനിയും വ്യക്തമല്ല. ബിജെപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുണ്ടാകുമെന്നാണ് സൂചന.