പരിപാടി തുടങ്ങാറായി; വേഗത്തിൽ വിതരണം പൂർത്തിയാക്കാൻ മിഠായി മേശ തോറും ഒന്നിച്ച് നൽകിയതാണ്, വിശദീകരണവുമായി വി മുരളീധരൻ MLA
തിരുവനന്തപുരം കട്ടേല സ്കൂളിലെ പ്രവേശനോത്സവത്തിനിടെ കുട്ടികൾക്ക് മിഠായി വിതരണം ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ വിശദീകരണവുമായി വി മുരളീധരൻ എംഎൽഎ. കട്ടേല മോഡൽ സ്കൂളിലെ കുരുന്നുകൾക്ക് മിഠായിയും വാങ്ങിയാണ് ഞാൻ പ്രവേശനോൽസവത്തിന് പോയത്. അത് മറ്റാരും വിതരണം ചെയ്യാനായി ഏൽപ്പിച്ചതല്ല. അവിടെ ചെന്നപ്പോൾ മന്ത്രി എത്തി, പരിപാടി തുടങ്ങാറായി.
വാങ്ങിക്കൊണ്ടു ചെന്ന മിഠായി ഓരോ കുട്ടിക്കായി കൊടുക്കാൻ നിന്നാൽ മന്ത്രിയടക്കം മറ്റുള്ളവർ പിന്നെയും കാത്തു നിൽക്കേണ്ടി വരും.കുട്ടികൾക്ക് വാങ്ങിയ മിഠായി അവർക്ക് കൊടുക്കണമല്ലോ.
വേഗത്തിൽ വിതരണം പൂർത്തിയാക്കാൻ മേശ തോറും ഒന്നിച്ച് നൽകുകയായിരുന്നു വി മുരളീധരൻ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ
കുട്ടികൾക്ക് മിഠായി തട്ടിക്കൊടുത്തു,
എംഎൽഎയ്ക്ക് അയിത്തം !
ദേശാഭിമാനിയുടെ ക്യാപ്സൂൾ കൊള്ളാം !
കട്ടേല മോഡൽ സ്കൂളിലെ കുരുന്നുകൾക്ക് മിഠായിയും വാങ്ങിയാണ് ഞാൻ പ്രവേശനോൽസവത്തിന് പോയത് എന്നത് വസ്തുതയാണ്.
മറ്റാരും വിതരണം ചെയ്യാൻ ഏൽപ്പിച്ചതല്ല.
അവിടെ ചെന്നപ്പോൾ മന്ത്രി എത്തി,
പരിപാടി തുടങ്ങാറായി.
വാങ്ങിക്കൊണ്ടു ചെന്ന മിഠായി ഓരോ കുട്ടിക്കായി കൊടുക്കാൻ നിന്നാൽ മന്ത്രിയടക്കം മറ്റുള്ളവർ പിന്നെയും കാത്തു നിൽക്കേണ്ടി വരും.
കുട്ടികൾക്ക് വാങ്ങിയ മിഠായി അവർക്ക് കൊടുക്കണമല്ലോ.
വേഗത്തിൽ വിതരണം പൂർത്തിയാക്കാൻ മേശ തോറും ഒന്നിച്ച് നൽകി..!
ഈ ചെറിയ കാര്യത്തിനാണ് സിപിഎം ജാതി വിദ്വേഷത്തിൻ്റെ നിറം കൊടുക്കാൻ ശ്രമിച്ചത്.
എത്ര കൊടുംവിഷമാണ് കമ്യൂണിസ്റ്റ് പാർട്ടി കുഞ്ഞുങ്ങളിൽപ്പോലും കുത്തി നിറയ്ക്കാൻ ശ്രമിച്ചത് എന്ന് നോക്കൂ.
ദേശാഭിമാനി ചീറ്റിയ വിഷം, വസ്തുത തിരക്കാതെ ഏറ്റെടുത്തു, ബിജെപി വിരോധം തലയ്ക്കു പിടിച്ച മറ്റ് മാധ്യമങ്ങൾ !
തിരഞ്ഞെടുപ്പിൽ ജനം ചൂലെടുത്ത് അടിച്ചിറക്കിയിട്ടും സിപിഎമ്മിൻ്റെയും അവരുടെ അടിമകളുടെയും കണ്ണു തുറന്നിട്ടില്ല എന്ന് ചുരുക്കം !
NB : നിയമസഭ തല്ലിത്തകർത്ത ശിവൻകുട്ടി അപ്പൂപ്പനിൽ നിന്ന് “സംസ്ക്കാരം” പഠിക്കേണ്ട ഗതികേട് തൽക്കാലം ഇല്ല.
അതേസമയം, സംഭവത്തിന്റെ പശ്ചാത്തലത്തിൽ വി. മുരളീധരനെതിരെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷ വിമർശനമാണ് ഉണ്ടായത്. വി മുരളീധരൻ കുട്ടികളോട് പരസ്യമായി മാപ്പ് പറയണം എന്നാവശ്യപ്പെട്ട് മുൻ വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തിയിരുന്നു.
കുട്ടികളുടെ കൈയിലേക്ക് മിഠായി നൽകാതെ മേശപ്പുറത്ത് തട്ടിയിട്ടശേഷം എടുത്ത് കഴിക്കാൻ ആവശ്യപ്പെടുകയായിരുന്നു എംഎൽഎ. ഉദ്ഘാടകയായ മന്ത്രി എ തുളസി നോക്കി നിൽക്കുമ്പോഴായിരുന്നു എംഎൽഎയുടെ വിവേചനപരമായ നടപടി. പിന്നാക്കവിഭാഗത്തിലെ കുട്ടികൾ പഠിക്കുന്ന സ്കൂളിലെ പരിപാടിയിൽ മുഖ്യാതിഥിയായിരുന്നു സ്ഥലം എംഎൽഎ കൂടിയായ മുരളീധരൻ. സംഭവം നടക്കുമ്പോൾ ഇടപെടാതെ നോക്കി നിന്ന മന്ത്രി തുളസിക്കെതിരെയും വലിയ വിമർശനമാണ് ഉയരുന്നത്.
