National

കോണ്‍ഗ്രസ് നേതാവിന്റെ കുടുംബ വീട്ടില്‍ 24കാരന്റെ മൃതദേഹം, സംഭവം ബിഹാറില്‍

Spread the love

പട്ന: ബിഹാറിലെ കോണ്‍ഗ്രസ് നേതാവിന്റെ കുടുംബ വീട്ടില്‍ 24കാരന്റെ മൃതദേഹം കണ്ടെത്തി. കോണ്‍ഗ്രസ് എംഎല്‍എ നീതു സിംഗിന്റ കുടുംബ വീട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ബിഹാറിലെ നവാദ ജില്ലയില്‍ ശനിയാഴ്ച രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. സുഡു എന്ന പേരില്‍ അറിയപ്പെടുന്ന പിയൂഷ് കുമാര്‍ ആണ് മരണപ്പെട്ടിട്ടുള്ളത്. എംഎല്‍എയുടെ അകന്ന ബന്ധു കൂടിയാണ് ഇയാള്‍. എംഎല്‍എയുടെ അകന്ന ബന്ധുവായ ടുന്‍ടുന്‍ സിംഗിന്റെ മകനാണ് മരിച്ചിരിക്കുന്നത്.

എംഎല്‍എയുടെ ഭര്‍തൃ സഹോദരന്റെ ക്ഷണം ലഭിച്ചതിനനുസരിച്ച് ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കാനാണ് മകന്‍ പോയതെന്നാണ് പിയൂഷിന്റെ അമ്മ മിന്റു ദേവി ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്. പാര്‍ട്ടിയില്‍ വച്ചുണ്ടായ തര്‍ക്കത്തിനിടയിൽ മകനെ ഒരു മുറിയില്‍ പൂട്ടിയിട്ടതായി മകന്റെ സുഹൃത്തുക്കള്‍ പറഞ്ഞതായും മിന്റു ദേവി പറയുന്നു. മദ്യപിച്ചതിന് ശേഷം എന്തിനെ ചൊല്ലിയാണ് വാക്കേറ്റമുണ്ടായതെന്നും അറിയില്ലെന്നും പിന്നീട് മകന്റെ മൃതദേഹം കണ്ടെത്തിയെന്ന് എംഎല്‍എയുടെ വീട്ടില്‍ നിന്ന് അറിയിച്ചതായാണ് മിന്റു ദേവി പ്രതികരിക്കുന്നത്.

വിവരം ലഭിച്ചതോടെ പൊലീസ് സംഭവ സ്ഥലത്ത് എത്തി. ഫോറന്‍സിക്, ഡോഗ് സ്ക്വാഡ് അടക്കമുള്ളവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. തെളിവുകള്‍ ശേഖരിച്ച ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. വൈകീട്ട് നാലരയോടെയാണ് എംഎല്‍എയുടെ വീട്ടിലെ അടച്ചിട്ട മുറിയില്‍ മൃതദേഹം കണ്ടെത്തിയെന്ന വിവരം ലഭിച്ചതെന്ന് നവാദ എസ്പി വിശദമാക്കുന്നു. മരിച്ചയാളെ തിരിച്ചറിഞ്ഞതായും എംഎല്‍എയുടെ അനന്തരവന്റെ മുറിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്നും എസ് പി മാധ്യമങ്ങളോട് പ്രതികരിച്ചു.

എംഎല്‍എയുടെ അനന്തരവന്‍ ഗോലു സിംഗിനെ അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചതായും ഗോലു സിംഗിനെയാണ് സംഭവത്തില്‍ സംശയിക്കുന്നതെന്നും പൊലീസ് വിശദമാക്കി. എംഎല്‍എയോ എംഎല്‍എയുടെ കുടുംബാംഗങ്ങളോ സംഭവം നടക്കുമ്പോള്‍ കുടുംബ വീട്ടിലുണ്ടായിരുന്നില്ലെന്നും ഗോലു സിംഗ് മാത്രമാണ് വീട്ടിലുണ്ടായിരുന്നതെന്നും പൊലീസ് വിശദമാക്കി.