Kerala

‘നിശ്ചയിച്ചതിലും നേരത്തെ നവീകരണം പൂര്‍ത്തിയായി’: കോഴിക്കോട്ടെ സിഎച്ച് മേല്‍പ്പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു

Spread the love

കോഴിക്കോട്: നവീകരണം പൂര്‍ത്തിയായ കോഴിക്കോട് സിഎച്ച് മേല്‍പ്പാലം പൂര്‍ണ ഗതാഗതത്തിനായി തുറന്നുകൊടുത്തു. മന്ത്രി മുഹമ്മദ് റിയാസാണ് ഉദ്ഘാടനം ചെയ്തത്. നിശ്ചയിച്ചതിലും നേരത്തെ നവീകരണം പൂര്‍ത്തിയായെന്ന് മന്ത്രി പറഞ്ഞു.

കോഴിക്കോട് നഗരത്തിലെ ഏറ്റവും പഴക്കമുള്ള പാലം ജൂണ്‍ 13നാണ് നവീകരണത്തിനായി അടച്ചത്. 1983ലാണ് സിഎച്ച് ഫ്ലൈ ഓവര്‍ നിര്‍മിച്ചത്. 40 വര്‍ഷം കൊണ്ട് പാലത്തിന് ബലക്ഷയവും ചെറിയ തകരാറുകളും സംഭവിച്ചു. ഇതോടെയാണ് അറ്റകുറ്റപ്പണികള്‍ വേണ്ടിവന്നത്.

4 കോടി 17 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരണ പ്രവൃത്തികള്‍ നടത്തിയത്. പാലത്തിന്‍റെ കൈവരികള്‍ അടക്കം ദൃഢപ്പെടുത്തി. പ്രതീക്ഷിച്ചതിലും നേരത്തെ അറ്റകുറ്റ പണികളും മിനുക്കുപണികളും കഴിഞ്ഞു. കോഴിക്കോട് ബീച്ച്, ബീച്ച് ആശുപത്രി, കോടതി എന്നിവിടങ്ങളിലേക്ക് പോകുന്നത് ഈ ബ്രിഡ്ജ് വഴിയാണ്. പാലം അടച്ചതോടെ ചുറ്റിക്കറങ്ങി പോവേണ്ട അവസ്ഥയിലായിരുന്നു നാട്ടുകാര്‍.

മന്ത്രി അഹമ്മദ് ദേവര്‍കേോവില്‍, മേയര്‍ ബീന ഫിലിപ്പ് തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. താളമേളങ്ങളുടെ അകമ്പടിയോടെ ഉത്സവാന്തരീക്ഷത്തിലാണ് പാലം പൂര്‍ണ ഗതാഗതത്തിനായി തുറന്നത്. സി എച്ച് റോഡ് തുറന്നതിന് പിന്നാലെ പുഷ്പ ജംഗ്ഷനിലെ എകെജി മേല്‍പ്പാലവും ഇതേ മട്ടിൽ അറ്റകുറ്റ പണിക്കായി അടുത്ത മാസം അടയ്ക്കും.