National

സുനിത കെജ്‌രിവാളിന് അരവിന്ദ് കെജ്‌രിവാളിനെ സന്ദർശിക്കാനുള്ള അനുമതി നിഷേധിച്ച് തിഹാർ ജയിൽ അധികൃതർ

Spread the love

സുനിത കെജ്‌രിവാളിന് അരവിന്ദ് കെജ്‌രിവാളിനെ സന്ദർശിക്കാനുള്ള അനുമതി നിഷേധിച്ച് തിഹാർ ജയിൽ അധികൃതർ. നാളത്തെ സന്ദർശനത്തിനുള്ള അനുമതിയാണ് നിഷേധിച്ചത്. അനുമതി നിഷേധിച്ചതിൽ ജയിൽ അധികൃതർ കാരണം വ്യക്തമാക്കിയില്ലെന്ന് ആം ആദ്മി പാർട്ടി അറിയിച്ചു.

അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ കേന്ദ്രസർക്കാർ നേരിടുന്നതിന്റെ ഭാഗമാണ് തന്റെ അറസ്റ്റെന്ന് അരവിന്ദ് കെജ്‌രിവാൾ വാദിച്ചിരുന്നു. ഇ ഡിയുടെ വാദമുഖങ്ങൾ തള്ളി സുപ്രിംകോടതിയിൽ സമർപ്പിച്ച എതിർസത്യവാങ്മൂലത്തിലാണ് കെജ്‌രിവാൾ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

ഗോവ നിയമസഭാ തെരെഞ്ഞെടുപ്പിൽ മദ്യനയ അഴിമതിപ്പണം ചെലവഴിച്ചു എന്ന ഇ ഡി യുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് കെജ്‌രിവാൾ വാദിച്ചു. ആം ആദ്മിയുടെ ബന്ധപ്പെട്ട് ഒരു രൂപ പോലും കള്ളപ്പണമായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സൗത്ത് ​ഗ്രൂപ്പിൽ നിന്ന് എഎപി കോഴ വാങ്ങിയെന്നത് ആരോപണം മാത്രമാണ്. കോഴപ്പണം ​ഗോവ തെരഞ്ഞെടുപ്പിൽ ഉപയോ​ഗിച്ചതിനും തെളിവില്ല. സുപ്രിംകോടതിയിൽ കെജ്രിവാൾ എതിർസത്യവാങ്മൂലം ഫയൽ ചെയ്തു. അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് അരവിന്ദ് കെജ്‌രിവാൾ സമർപ്പിച്ച ഹരജി തിങ്കളാഴ്ച സുപ്രിംകോടതി പരിഗണിക്കും.