Kerala

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; രാഹുൽ മുൻപും വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതായി തെളിവുകൾ

Spread the love

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ മുൻപും വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതായി തെളിവുകൾ. ഇയാൾ വിവാഹത്തട്ടിപ്പ് വീരനാണെന്ന് വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചു. രാഹുലുമായി വിവാഹം ഉറപ്പിച്ച യുവതികൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ബഹുഭാര്യത്വം ചൂണ്ടി കാണിച്ചാണ് പരാതി.

കോട്ടയത്തും എറണാകുളത്തും വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതായാണ് വിവരം. വിവാഹ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയാണ് പരാതി. ഒടുവിൽ രജിസ്റ്റർ ചെയ്ത യുവതി രാഹുലിന്റെ സ്വഭാവ വൈകല്യം മനസ്സിലാക്കിയതോടെ വിവാഹ മോചനം തേടുകയായിരുന്നു. നിയമപരമായി വിവാഹമോചനം നേടും മുമ്പാണ് പറവൂരിലെ പെൺകുട്ടിയുമായുള്ള വിവാഹം നടന്നത്. മുൻ വിവാഹങ്ങളുടെ വിവരം രാഹുലിന്റെ കുടുംബം മറച്ചുവെച്ചെന്ന് യുവതിയുടെ പിതാവ് പറഞ്ഞു.

ഇതിനിടെ ഗാർഹിക പീഡനക്കേസിൽ യുവതിയുടെ കുടുംബം വനിത കമ്മീഷനും ആലുവ റൂറൽ എസ്പിക്കും പരാതി നൽകി. രാഹുലിന്റെ അമ്മക്ക് എതിരെയും കേസെടുക്കണം എന്ന് യുവതിയുടെ മാതാവ് 24നോട് പറഞ്ഞു. രാഹുലിന്റെ അമ്മയും കേസിലെ പ്രധാന കണ്ണി. വീണ്ടും മൊഴി എടുക്കാൻ എത്തുമെന്ന് പൊലീസ് അറിയിച്ചിരുന്നു. എന്നാൽ ഇതുവരെ എത്തിയിട്ടില്ല. പ്രതികൾക്ക് രക്ഷപ്പെടാനുള്ള പഴുത് ഒരുക്കുകയാണ് പൊലീസ് എന്നും മാതാവ് പറഞ്ഞു.

പന്തീരങ്കാവ് സി.ഐ തന്നോട് പെരുമാറിയത് നല്ല രീതിയിൽ അല്ലെന്ന് യുവതിയുടെ പിതാവ് പറഞ്ഞു. അത്തരം പെരുമാറ്റം പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുത്. പൊലീസ് സംരക്ഷിക്കേണ്ടത് ഇരയായവരെയാണ്. നേരത്തെ രണ്ടു തവണ രാഹുലിന് വിവാഹ നിശ്ചയം നടന്നിരുന്നു. പക്ഷേ, പിന്നീട് വിവാഹത്തിൽ നിന്ന് പെൺകുട്ടിയുടെ വീട്ടുകാർ പിന്മാറുകയായിരുന്നു. ഇക്കാര്യങ്ങൾ മകളുടെ വിവാഹ ശേഷമാണ് താൻ അറിഞ്ഞത്. വിവാഹം പെട്ടന്ന് നടത്തണം എന്ന് രാഹുലിന്റെ വീട്ടുകാർ ആവശ്യപ്പെട്ടിരുന്നു. നീതി ലഭിക്കും വരെയും നിയമ പോരാട്ടം തുടരുമെന്നും യുവതിയുടെ പിതാവ് പറഞ്ഞു.
രാഹുലിനെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. രാഹുൽ ഒളിവിൽ പോയെന്നാണ് പൊലീസ് സംശയിക്കുന്നത്. ഫോൺ ചാർജർ കഴുത്തിൽ ചുറ്റി കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് യുവതി മൊഴി നൽകിയിട്ടും രാഹുലിനെതിരെ വധശ്രമത്തിന് കേസെടുത്തില്ലെന്ന് യുവതി പരാതി ഉന്നയിച്ചതിന് പിന്നാലെയാണ് കേസെടുത്തിരിക്കുന്നത്. സ്ത്രീധന പീഡനക്കുറ്റവും രാഹുലിനെതിരെ ഇപ്പോൾ ചുമത്തിയിട്ടുണ്ട്. പ്രതി രാഹുലിനായി അന്വേഷണം ഊർജിതമാക്കിയെന്ന് പന്തീരങ്കാവ് പൊലീസ് അറിയിച്ചു.