Kerala

ജാതി സംവരണത്തിനെതിരെ എൻഎസ്എസ്; ഇതിന് പിന്നിൽ വോട്ട് ബാങ്ക് രാഷ്ട്രീയമാണെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ

Spread the love

ജാതി സംവരണത്തിനെതിരെ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ രം​ഗത്ത്. ജാതി സംവരണത്തിനായുള്ള മുറവിളി രാഷ്ട്രീയപാർട്ടികൾ സ്വീകരിച്ച പ്രീണന നയത്തിന്റെ ഭാഗമാണെന്നാണ് എൻഎസ്എസിന്റെ വിമർശനം. രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വെല്ലുവിളിയാണിത്. ജാതി സംവരണത്തിന് പിന്നിൽ വോട്ട് ബാങ്ക് രാഷ്ട്രീയം തന്നെയാണ്. ജാതിമത വ്യത്യാസമില്ലാതെ സാമൂഹികപരമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്നവരെ മുഖ്യധാരയിലെത്തിക്കാൻ രാഷ്ട്രീയപാർട്ടികൾക്ക് ഉത്തരവാദിത്തം ഉണ്ടെന്നും ജി. സുകുമാരൻ നായർ പറഞ്ഞു.

ജാതിമത വ്യത്യാസമില്ലാതെ എല്ലാവരെയും സമന്മാരായി കാണുന്ന സമത്വ സുന്ദരമായ ബദൽ സംവിധാനം ഏർപ്പെടുത്തണമെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പുകളിൽ ജാതി സെൻസസ് പ്രധാന വിഷയമാക്കാൻ കോൺഗ്രസ് ഒരുങ്ങുന്നതിനിടെയാണ് എൻഎസ്എസ് ജാതി സംവരണത്തിനെതിരെ രം​ഗത്തെത്തിയത്.

ജാതി സെൻസസുമായി കോൺഗ്രസ് മുന്നോട്ട് പോകുമെന്ന് രാഹുൽ ഗാന്ധി എം.പി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇക്കാര്യം കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗീകരിച്ചതായും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ മാധ്യമങ്ങളെ കണ്ടപ്പോഴാണ് അദ്ദേഹം ജാതി സെൻസസിനെപ്പറ്റി സംസാരിച്ചത്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സെൻസസ് നടപ്പാക്കാനാണ് ആലോചന. പുരോഗമനപരമായ ഒരു കാഴ്ചപ്പാടാണ് ഈ തീരുമാനമെന്ന് കരുതുന്നുവെന്നും ഇന്ത്യാ സഖ്യത്തിലെ ഭൂരിപക്ഷം പാർട്ടികളും ജാതി സെൻസസിന് അനുകൂലമാണെന്നും രാഹുൽ കൂട്ടിച്ചേർത്തിരുന്നു.

കോൺഗ്രസിന്റെ നാല് മുഖ്യമന്ത്രിമാരിൽ മൂന്ന് പേരും ഒ.ബി.സി വിഭാഗത്തിൽ നിന്നാണ്. അതേസമയം, 10 ബിജെപി മുഖ്യമന്ത്രിമാരിൽ ഒരു മുഖ്യമന്ത്രി മാത്രമാണ് ഒബിസി വിഭാഗത്തിൽ നിന്നുള്ളതെന്നും രാഹുൽ വിമർശിച്ചു.