Kerala

അരവിന്ദാക്ഷന്റെ അമ്മയുടെ അക്കൗണ്ട് വിവരങ്ങള്‍ നല്‍കിയത് ബാങ്ക് സെക്രട്ടറി; 63 ലക്ഷത്തിന്റെ ഇടപാടുകള്‍ നടന്നെന്ന് ഇഡി

Spread the love

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ പി ആർ അരവിന്ദാക്ഷന്റെ അമ്മയുടെ അക്കൗണ്ട് വിവരങ്ങള്‍ കൈമാറിയത് ബാങ്ക് സെക്രട്ടറിയെന്ന് ഇഡി. പെരിങ്ങണ്ടൂര്‍ സര്‍വീസ് സഹകരണബാങ്ക് സെക്രട്ടറിയാണ് വിവരങ്ങള്‍ കൈമാറിയതെന്നും ഈ അക്കൗണ്ട് വഴി 63 ലക്ഷത്തിന്റെ ഇടപാട് നടന്നതായും ബാങ്കിന്റെ സ്റ്റേറ്റ്‌മെന്റ് ഉണ്ടെന്നും ഇഡി വ്യക്തമാക്കി.

കഴിഞ്ഞ മാസം 22 ന് അരവിന്ദാക്ഷന്റെയും ബന്ധുക്കളുടെയും പേരിലുളള വിവരങ്ങള്‍ തേടി ഇഡി പെരിങ്ങണ്ടൂര്‍ ബാങ്കിലേക്ക് ഒരു ഇമെയില്‍ അയച്ചിരുന്നു. അന്ന് തന്നെ ബാങ്ക് സെക്രട്ടറി മറുപടി അയക്കുയും ചെയ്തു.അതില്‍ ചന്ദ്രമതിയുടെ അക്കൗണ്ട് വിവരങ്ങളും കൈമാറിയിരുന്നു. അക്കൗണ്ട് അമ്മയുടെതാണെന്ന് അരവിന്ദാക്ഷന്‍ സമ്മതിച്ചതായും അതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്നും ഇഡി കസ്റ്റഡി അപേക്ഷയില്‍ വ്യക്തമാക്കി.

അതിനിടെ അരവിന്ദാക്ഷന്റെ വിദേശയാത്ര, ബാങ്ക് നിക്ഷേപം എന്നിവ സംബന്ധിച്ച വിവര ശേഖരണത്തിനായി കസ്റ്റഡി ആവശ്യമാണെന്നും ഇഡി അറിയിച്ചു. ഒന്നാംപ്രതി സതീഷ് കുമാറുമായി പി ആര്‍ അരവിന്ദാക്ഷന്‍ നടത്തിയ വിദേശയാത്രകള്‍, കൂടുതല്‍ ബാങ്ക് അക്കൗണ്ടുകള്‍ വഴിയുള്ള സാമ്പത്തികഇടപാടുകള്‍ എന്നീ കാര്യങ്ങളില്‍ വ്യക്തത വരുത്തുകയാണ് ഇ ഡിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് രണ്ടുദിവസത്തേക്ക് അരവിന്ദാക്ഷനെ കസ്റ്റഡിയില്‍ വാങ്ങാനുള്ള തീരുമാനം.