Kerala

ആന്ധ്രാതീരത്തേക്ക് അസാനി; അടുത്ത 3 മണിക്കൂറില്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത

Spread the love

കേരളത്തില്‍ അടുത്ത 3 മണിക്കൂറില്‍ 9 ജില്ലകളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത. 40 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്് നല്‍കി.

പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. നേരത്തെ ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

ശനിയാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാല്‍ കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. അതേസമയം, ആന്ധ്രാ തീരത്തേക്ക് നീങ്ങുന്ന അസാനി തീവ്ര ചുഴലിക്കാറ്റ് നാളെയോടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

അസാനി ചുഴലിക്കാറ്റിന്റെ സഞ്ചാര പാതയില്‍ കേരളമില്ലെങ്കിലും ശനിയാഴ്ച വരെ സംസ്ഥാനത്ത് മഴയുണ്ടാകും. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശിയേക്കുമെന്നാണ് മുന്നറിയിപ്പ്. ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രത നിര്‍ദേശമുണ്ട്. കേരള ലക്ഷദ്വീപ് തീരങ്ങളിലും ബംഗാള്‍ ഉള്‍ക്കടലിലും മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി.
എന്നാല്‍ കര്‍ണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല.

അതേസമയം ആന്ധ്രാ തീരത്തേക്ക് നീങ്ങുന്ന അസാനി തീവ്രചുഴലിക്കാറ്റ് പുലര്‍ച്ചയോടെ തീരദേശ മേഖലയിലൂടെ കടന്ന് പോകുമെന്നാണ് പ്രവചനം. ആന്ധ്രാ തീരത്ത് കനത്ത ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റിന്റെ വേഗത കുറയുമെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്.