National

ഉച്ചഭാഷിണികള്‍ ഉപയോഗിക്കാന്‍ മുന്‍കൂട്ടി അനുമതി വേണം; കര്‍ണാടക സര്‍ക്കാര്‍

Spread the love

ഹനുമാന്‍ ചാലിസ വിവാദങ്ങള്‍ക്കിടെ കര്‍ണാടകയില്‍ അടുത്ത 15 ദിവസത്തേക്ക് ഉച്ചഭാഷിണികള്‍ ഉപയോഗിക്കാന്‍ മുന്‍കൂട്ടി അനുമതി വാങ്ങണമെന്ന് സര്‍ക്കാര്‍ ഉത്തരവ്. ആഭ്യന്തര വകുപ്പുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.

ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് കോടതി ഉത്തരവുകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ചീഫ് സെക്രട്ടറി കത്ത് നല്‍കിയിട്ടുണ്ട്. അനുമതി ലഭിക്കാത്തവര്‍ സ്വമേധയാ ഉച്ചഭാഷിണി ഉപയോഗിക്കുന്നതില്‍ നിന്ന് പിന്മാറണം. ഉച്ചഭാഷിണി ഉപയോഗിക്കുന്നതില്‍ തീരുമാനമെടുക്കാന്‍ ഒരു കമ്മിറ്റി രൂപീകരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

നേരത്തെ കര്‍ണാടകയിലെ മുസ്ലിം പള്ളികളിലെ ഉച്ചഭാഷിണികള്‍ ഒഴിവാക്കണമെന്ന് ശ്രീരാമസേനയുടെ അന്ത്യശാസന നല്‍കിയിരുന്നു. ഏപ്രില്‍ 13നുള്ളില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തില്ലെങ്കില്‍ ബാങ്കുവിളിയ്ക്കുന്ന അഞ്ചു നേരവും ക്ഷേത്രങ്ങളില്‍ ഉച്ചത്തില്‍ ഭജന പാടുമെന്ന് ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിക് പറഞ്ഞു.എന്നാല്‍, ആരാധനാലയങ്ങളില്‍ ശബ്ദം നിയന്ത്രിച്ച് ഉച്ചഭാഷിണികള്‍ ഉപയോഗിക്കാനാണ് ഹൈക്കോടതി നിര്‍ദ്ദേശമെന്നും ഇത് തുടരുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിക്കുകയായിരുന്നു.