Monday, March 24, 2025
National

വിവിധയിടങ്ങളിലെ വിദ്വേഷ പ്രസംഗങ്ങളില്‍ നടപടി വേണം; പൊതുതാല്‍പര്യ ഹര്‍ജികള്‍ സുപ്രിംകോടതിയില്‍

Spread the love

രാജ്യത്ത് വിവിധയിടങ്ങളില്‍ നടന്ന വിദ്വേഷ പ്രസംഗങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യഹര്‍ജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്.

ഉത്തരാഖണ്ഡിലെ റൂര്‍ക്കിയില്‍ സംഘടിപ്പിക്കാനിരുന്ന ധരം സന്‍സദ് മത സമ്മേളനത്തിന് കോടതിയുടെ കടുത്ത നിലപാടിനെ തുടര്‍ന്ന് സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. വിദ്വേഷ പ്രസംഗമുണ്ടാകുന്ന സാഹചര്യമുണ്ടാകരുതെന്നും, മുന്‍കരുതല്‍ നടപടികളില്‍ വീഴ്ചയുണ്ടായാല്‍ ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറിയെ വിളിച്ചു വരുത്തുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഉത്തരാഖണ്ഡ് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ കോടതി ഇന്ന് പരിശോധിക്കും.

ന്യൂനപക്ഷ സമുദായത്തെ തുടച്ചു നീക്കാന്‍ ആയുധമെടുക്കണമെന്ന് ഹരിദ്വാറിലെ ധരം സന്‍സദ് മത സമ്മേളനത്തില്‍ കൊലവിളി ആഹ്വാനം ഉയര്‍ന്നിരുന്നു. വിഷയത്തില്‍ സ്വതന്ത്രവും, നീതിയുക്തവുമായ അന്വേഷണം ആവശ്യപ്പെട്ട് റിട്ടയേര്‍ഡ് പട്‌ന ഹൈക്കോടതി ജഡ്ജി അഞ്ജന പ്രകാശ്, മാധ്യമപ്രവര്‍ത്തകന്‍ ഖുര്‍ബാന്‍ അലി തുടങ്ങിയവരാണ് സുപ്രിംകോടതിയെ സമീപിച്ചത്.