Thursday, May 16, 2024
Latest:
Kerala

കെഎസ്ആർടിസി ഉൾപ്പെടെ ഹെവി വാഹനങ്ങളിൽ സീറ്റ് ബെൽറ്റ് നിർബന്ധം; നവംബർ 1 മുതൽ പ്രാബല്യത്തിൽ

Spread the love

നവംബർ ഒന്നു മുതൽ കെഎസ്ആർടിസി ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങളിൽ ഡ്രൈവർക്കും മുൻസീറ്റ് യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കി. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം, ഗതാഗത നിയമലംഘനവുമായി ബന്ധപ്പെട്ട കണക്കുകളിൽ വ്യത്യാസമുണ്ടെന്ന പ്രതിപക്ഷ നേതാവിന്റെ ഉൾപ്പെടെയുള്ള ആരോപണങ്ങൾ തെറ്റാണെന്നും മന്ത്രി വ്യക്തമാക്കി.

എഐ ക്യാമറകൾ സ്ഥാപിച്ചതിനു ശേഷം സംസ്ഥാനത്ത് അപകടങ്ങൾ കുറഞ്ഞുവെന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റേയും ഗതാഗത മന്ത്രി ആൻ്റണി രാജുവിൻ്റേയും വാദം പച്ചക്കള്ളമെന്ന് വി.ഡി സതീശൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കണക്കുകൾ നിരത്തിയുള്ള ഗതാഗത മന്ത്രിയുടെ മറുപടി. എഐ ക്യാമറ സംബന്ധിച്ച് ഹൈക്കോടതിയിൽ സമർപ്പിച്ച കണക്കുകൾ കൃത്യമാണെന്ന് ആന്റണി രാജു പറഞ്ഞു.

സെപ്റ്റംബർ 5 വരെ 6,267,853 നിയമലംഘനങ്ങൾ കണ്ടെത്തി. ഈ മാസം നടന്നത് 44,623 നിയമലംഘനങ്ങളാണ്. എംപിമാരും എംഎൽഎമാരും 56 തവണ നിയമം ലംഘിച്ചു. 102.80 കോടി രൂപയുടെ ചെലാൻ അയച്ചു. ഇതിൽ പിഴയായി 14.88 കോടി ലഭിച്ചുവെന്നും മന്ത്രി. മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്ത വാഹന ഉടമകൾക്കെല്ലാം നിയമലംഘനത്തിന് പിഴയൊടുക്കാൻ ആവശ്യപ്പെട്ടുള്ള നോട്ടീസ് നൽകിയിട്ടുണ്ട്. പിഴയൊടുക്കാത്ത കേസുകൾ വെർച്വൽ കോടതിയിലേക്കും പിന്നീട് ഓപ്പൺ കോർട്ടിലേക്കും കൈമാറുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.