Kerala

ഇരട്ട ന്യൂനമർദ്ദം, അഞ്ച് ദിവസം മഴ തുടരാൻ സാധ്യത

Spread the love

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട്. ഒമ്പത് ജില്ലകളിലും നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് വ്യാപകമായ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. അടുത്ത 5 ദിവസത്തേക്ക് കേരളത്തിൽ ഇടത്തരം/മിതമായ മഴ/ഇടി/മിന്നൽ എന്നിവ തുടരാൻ സാധ്യതയുണ്ട്. സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 1 വരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യുനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. മധ്യ കിഴക്കൻ അറബിക്കടലിൽ കൊങ്കൺ-ഗോവ തീരത്തിന് സമീപമാണ് ന്യുന മർദ്ദം രൂപപ്പെട്ടിരിക്കുന്നത്. അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തിപ്രാപിച്ചു പടിഞ്ഞാറു-വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കാൻ സാധ്യത. സമാനമായി വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലായി ന്യുന മർദ്ദം രൂപപ്പെട്ടിട്ടുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളിൽ ശക്തിപ്രാപിച്ചു വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിച്ചു ഒഡിഷ-പശ്ചിമ ബംഗാൾ തീരത്തേക്ക് നീങ്ങാൻ സാധ്യത.

ഇതിന്റെ സ്വാധീനഫലമായാണ് മഴ പ്രതീക്ഷിക്കുന്നത്. അതേസമയം തിരുവനന്തപുരം ജില്ലയില്‍ ഇന്ന് (സെപ്റ്റംബര്‍ 29) ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

പ്രത്യേക ജാഗ്രതാ നിർദ്ദേശം:
കേരളത്തിൽ ഇന്ന് എല്ലാ ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ മഴ ശക്തി പ്രാപിയ്ക്കാൻ സാധ്യതയുള്ള മലയോര മേഖലയിൽ പ്രത്യേക ജാഗ്രത പുലർത്തേണ്ടതാണ്.