Thursday, May 16, 2024
Latest:
Kerala

മുഖ്യമന്ത്രിയെ കണ്ട് എം.കെ കണ്ണൻ; കൂടിക്കാഴ്ച ഇഡിക്ക് മുന്നിൽ ഹാജരാകുന്നതിന് മുമ്പ്

Spread the love

സിപിഐഎം സംസ്ഥാന സമിതി അംഗവും തൃശൂർ ജില്ലാ സഹകരണ ബാങ്ക് അധ്യക്ഷനുമായ എം കെ കണ്ണനെ മുഖ്യമന്ത്രിയെ കണ്ടു. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇഡിയുടെ മുന്നിൽ ഹാജരാകാൻ പോകുന്നതിന് മുമ്പായിരുന്നു കൂടിക്കാഴ്ച. രണ്ടാം തവണയാണ് ഇ ഡി കണ്ണനെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിൽ സഹകരിക്കുമെന്ന് കണ്ണൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

കേസിലെ മുഖ്യപ്രതി സതീഷ് കുമാറുമായുള്ള ബന്ധത്തിലും കണ്ണൻ നേതൃത്വം നൽകുന്ന ബാങ്കിൽ നടന്ന ദുരൂഹമായ ഇടപാടുകളിലുമാണ് ഇഡി അന്വേഷണം. കിരണും സതീഷ്കുമാറും തമ്മിലുള്ള കള്ളപ്പണ കൈമാറ്റം കണ്ണന്‍റെയും എ സി മൊയ്തീന്‍റെയും അറിവോടെയാണെന്നും ഇഡി സംശയിക്കുന്നു.

സിപിഐഎം പ്രാദേശിക നേതാവായ അരവിന്ദാക്ഷനെ കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷമാണ് കണ്ണനെ വീണ്ടും വിളിപ്പിക്കുന്നത്. അതേസമയം കേസില്‍ ഇഡി അറസ്റ്റ് ചെയ്ത പി ആർ അരവിന്ദാക്ഷന്‍റെ അമ്മയുടെ പേരില്‍ പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്കിൽ 63 ലക്ഷം രൂപയുടെ നിക്ഷേപം ഉണ്ടെന്ന രീതിയിൽ വരുന്ന വാർത്തകൾ വസ്തുതാ വിരുദ്ധമാണെന്ന് ബാങ്ക് ഭരണസമിതി അറിയിച്ചു. ഇത്തരം തെറ്റായ വാർത്തകൾ ബാങ്കിലെ നിക്ഷേപകരിൽ ആശങ്ക ജനിപ്പിക്കുന്നുണ്ട്. ബാങ്കിലെ സാധാരണ ജനങ്ങളുടെ നിക്ഷേപം പുറത്തേക്ക് ഒഴുകാൻ മാത്രമേ ഇത്തരം വാർത്തകൾ ഉപകരിക്കൂ എന്നും ബാങ്ക് അധികൃതർ അറിയിച്ചു.