National

പ്രതിപക്ഷത്തിൻ്റെ കണക്കുകൂട്ടലല്ല പ്രശാന്തിന്; ബിജെപി ജയിക്കുമെന്ന് ഉറപ്പാണെന്ന് രാഷ്ട്രീയ തന്ത്രജ്ഞൻ

Spread the love

ലോക്സഭാ തെരഞ്ഞെടുപ്പ് 2024 ൻ്റെ ഫലം സംബന്ധിച്ച് ഈയിടെ രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ നൽകിയ ഒരഭിമുഖം വൻ വിവാദമായിരിക്കുകയാണ്. രാജ്യത്ത് ബിജെപി നയിക്കുന്ന എൻഡിഎയ്ക്ക് തന്നെയായിരിക്കും ഭൂരിപക്ഷം ലഭിക്കുകയെന്നും അവർക്ക് ബംഗാൾ, ഒഡിഷ, തെലങ്കാന, തമിഴ്‌നാട്, ആന്ധ്ര സംസ്ഥാനങ്ങളിലും മുന്നേറ്റമുണ്ടാക്കാൻ കഴിയുമെന്നും അവർ പ്രതീക്ഷ പങ്കുവെക്കുന്നു. എന്നാൽ ബി.ജെ.പിക്ക് 300 ഓളം സീറ്റുകളേ ലഭിക്കൂവെന്നും 400 തൊടില്ലെന്നും അദ്ദേഹം പറഞ്ഞുവെക്കുന്നു.

വടക്കേ ഇന്ത്യയിലോ പശ്ചിമ ഇന്ത്യയിലോ ബി.ജെ.പിക്ക് കാര്യമായ തിരിച്ചടി നേരിടില്ലെന്നാണ് അദ്ദേഹം പറയുന്നത്. രാജ്യത്ത് താഴേത്തട്ടിലെ വോട്ടർമാരിൽ നിന്ന് ഇതിന് വിപരീതമായി ഒരു തെരഞ്ഞെടുപ്പ് ഫലം ഉണ്ടാകാൻ സാധിക്കും വിധം യാതൊരു പ്രതികരണവും ലഭിച്ചില്ലെന്നും അദ്ദേഹം പറയുന്നു. എന്നാൽ ബി.ജെ.പിക്ക് രാജ്യത്ത് 400 സീറ്റ് നേടാൻ സാധിക്കുന്ന വിധത്തിലുള്ള രാഷ്ട്രീയ ട്രെൻ്റ് ഇല്ലെന്നും അദ്ദേഹം ആർടിവിക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.

എന്നാൽ രാജ്യത്ത് 400 സീറ്റ് ലക്ഷ്യമിട്ടുള്ള പ്രചാരണം യാഥാർത്ഥ്യ ബോധത്തിലുള്ളതല്ലെങ്കിലും വോട്ടർമാരെ സ്വാധീനിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് പ്രതിപക്ഷം ദുർബലരല്ല മറിച്ച് ശക്തരാണെന്ന് പറയുന്ന പ്രശാന്ത് കിഷോർ, ബി.ജെ.പിക്ക് എതിരെ മത്സരിക്കുന്ന കാര്യത്തിലേക്ക് വരുമ്പോൾ പ്രതിപക്ഷം ദുർബലരാണെന്നും വാദിക്കുന്നു.

രാജ്യത്ത് ബി.ജെ.പിക്ക് നാനൂറ് സീറ്റ് ലഭിക്കില്ലെന്ന് പറയുന്ന അദ്ദേഹം തന്നെ പാർട്ടി 200 സീറ്റിലേക്ക് താഴില്ലെന്നും അഭിപ്രായപ്പെടുന്നുണ്ട്. പ്രതിപക്ഷം വലിയ മുന്നേറ്റം അവകാശപ്പെട്ട് രംഗത്ത് വരുമ്പോഴാണ് രാജ്യത്തെ തന്നെ ഏറ്റവും പ്രശസ്തനായ രാഷ്ട്രീയ വിദഗ്ദ്ധൻ കൂടിയായ പ്രശാന്ത് കിഷോറിൻ്റെ അഭിപ്രായ പ്രകടനം.