Sports

ഏഷ്യന്‍ ഗെയിംസ്: അവിനാഷ് സാംബ്ലെക്കും തജീന്ദര്‍പാലിനും സ്വര്‍ണം, മെഡല്‍ പട്ടികയില്‍ മുന്നേറി ഇന്ത്യ

Spread the love

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് 3000 മീറ്ററ്‍ സ്റ്റീപ്പിള്‍ ചേസില്‍ ഇന്ത്യയുടെ അവിനാഷ് സാംബ്ലെക്ക് ഗെയിംസ് റെക്കോര്‍ഡോടെ സ്വര്‍ണം. 8.19.50 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് അവിനാഷ് സാംബ്ലെ സ്വര്‍ണം നേടിയത്. തൊട്ട് പിന്നാലെ ഷോട്ട്പുട്ടില്‍ തജീന്ദര്‍പാല്‍ സിംഗ് ടൂറും ഇന്ത്യക്കായി സ്വര്‍ണം നേടി. 20.36 മീറ്റര്‍ ദൂരം താണ്ടിയാണ് തജീന്ദര്‍പാല്‍ സിംഗ് സ്വര്‍ണം നേടിയത്.

ഇതോടെ ഹാങ്ചൗ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണനേട്ടം 14 ആയി. മെഡല്‍ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 13 സ്വര്‍ണം, 16 വെള്ളി, 16 വെങ്കലം ഉള്‍പ്പെടെ 45 മെഡലുകളുമായാണ് ഇന്ത്യ നാലാം സ്ഥാനത്തെത്തിയത്. വ്യക്തിഗത വനിതാ ഗോള്‍ഫില്‍ വെള്ളി നേടിയ അതിഥി അശോക് ആണ് ഇന്ന് ഇന്ത്യയുടെ മെഡല്‍വേട്ട തുടങ്ങിയത്

ഷൂട്ടിംഗില്‍ ഇന്ത്യയുടെ ട്രാപ്പ് ടീം ഇനത്തില്‍ രാജേശ്വരി കുമാരി, പ്രീതി രാജക്, മനീഷ കീര്‍ എന്നിവരടങ്ങിയ സംഘവും വെള്ളി നേടി. ഷൂട്ടിംഗില്‍ ഹാങ്ചൗവില്‍ ഇന്ത്യ നേടുന്ന ഇരുപതാമത്തെ മെഡലാണിത്. ഷൂട്ടിംഗില്‍ പുരുഷന്‍മാരുടെ ട്രാപ്പ് ടീം ഇനത്തില്‍ സൊരാവര്‍ സിങ് സന്ധു, കൈനാന്‍ ഡാരിയസ് ചെനായ്, പൃഥ്വിരാജ് ടോണ്ഡൈമാന്‍ എന്നിവരടങ്ങിയ സംഘമാണ് ഇന്ത്യക്ക് ഇന്നത്തെ ആദ്യ സ്വര്‍ണം സമ്മാനിച്ചത്.

വ്യക്തിഗത ഇനത്തില്‍ കൈനാന്‍ ഡാരിയസ് വെങ്കലവും നേടി. അതേസമയം, വനിതാ ബോക്സിംഗിലെ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്നു നിഖാത് സരീന്‍ 50 കിലോ ഗ്രാം വിഭാഗത്തില്‍ സെമിയില്‍ തോറ്റ് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നത് ഇന്ത്യയുടെ നിരാശയായി.

121 സ്വര്‍ണവും 71 വെള്ളിയും 37 വെങ്കഗലവുമടക്കം 229 മെഡലുകള്‍ നേടിയ ആതിഥേയരായ ചൈനയാണ് ഒന്നാമത്. 30 സ്വര്‍ണം 33 വെള്ളി 58 വെങ്കലം നേടിയ ദക്ഷണി കൊറിയ രണ്ടാമതാണ്. 29 സ്വര്‍ണം 39 വെള്ളി 40 വെങ്കലവുമായി ജപ്പാന്‍ ആണ് ഇന്ത്യക്ക് മുന്നില്‍ മൂന്നാം സ്ഥാനത്ത്.