Tuesday, May 14, 2024
Latest:
Sports

ലോകകപ്പ് ക്രിക്കറ്റ് 2023; ഇന്ത്യയുടെ ആദ്യ സന്നാഹമത്സരം ഇന്ന്; കാര്യവട്ടത്ത് ഓസ്ട്രേലിയ നെതർലാൻഡ്‌സ്‌ പോരാട്ടം

Spread the love

ഇന്ത്യയുടെ ആദ്യ ലോകകപ്പ് സന്നാഹമത്സരം ഇന്ന് നടക്കും. രാജ്കോട്ടില്‍ ഓസ്ട്രേലിക്കെതിരെ അവസാന ഏകദിനം കളിച്ച ശേഷം കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ടീം ഗുവാഹത്തിയിലെത്തിയത്.

കാര്യവട്ടത്ത് നടക്കുന്ന മറ്റൊരു മത്സരത്തിൽ ഓസ്ട്രേലിയ നെതർലാൻഡ്‌സിനെ നേരിടും. മഴ ഭീഷണിയായതിനെ തുടർന്ന് ഇന്നലത്തെ മത്സരം ഉപേക്ഷിച്ചിരുന്നു. ഇന്നത്തെ മത്സരത്തിനും മഴ ആശങ്കയുണ്ട്.

ഇന്ത്യൻ ടീമിൽ കഴിഞ്ഞ ദിവസം ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, ഷാര്‍ദ്ദുല്‍ താക്കൂര്‍, ആര്‍ അശ്വിന്‍ എന്നിവര്‍ ഗ്രൗണ്ടില്‍ പരിശീലനത്തിനിറങ്ങി.നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടാണ് എതിരാളി. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഗുവാഹത്തിയിൽ ആണ് കളി.

ഏകദിന റാങ്കിംഗിൽ ഒന്നാമതായാണ് ഇന്ത്യ ഇന്ന് ലോകകപ്പ് സന്നാഹ മത്സരങ്ങൾക്ക് ഇറങ്ങുന്നത്. ജോസ് ബട്‍ലര്‍, ബെൻ സ്റ്റോക്സ്, ഹാരി ബ്രൂക്ക്, ജോണി ബെയര്‍സ്റ്റോ തുടങ്ങിയ വെടിക്കെട്ട് ബാറ്റര്‍മാരാണ് ഇംഗ്ലണ്ടിന്. കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പില്‍ ഇരു ടീമും ഏറ്റുമുട്ടിയപ്പോൾ ഇന്ത്യയെ 10 വിക്കറ്റിനാണ് ഇംഗ്ലണ്ട് തകര്‍ത്തെറിഞ്ഞത്.

കാര്യവട്ടത് മഴമൂലം കഴിഞ്ഞ ദിവസം ഉപേക്ഷിച്ച അഫ്ഗാനിസ്ഥാന്‍ – ദക്ഷിണാഫ്രിക്ക ലോകകപ്പ് സന്നാഹ മത്സരത്തിന് ടിക്കറ്റ് എടുത്തവരുടെ പണം റീഫണ്ട് ചെയ്യുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു.

ടിക്കറ്റിനായി മുടക്കിയ പണം റീഫണ്ട് ചെയ്യുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസ്താവനയിറക്കി . ബുക്ക് മൈ ഷോ വഴി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് 7-10 ദിവസത്തിനുള്ളില്‍ ടിക്കറ്റ് എടുക്കാനായി ചെലവായ തുക അവരുടെ അക്കൗണ്ടിലെത്തും.

ഓഫ്‌ലൈന്‍ വഴി ടിക്കറ്റെടുത്തവര്‍ക്കും പണം തിരികെ നല്‍കും. കേടുപാടുകള്‍ വരുത്താതെ ടിക്കറ്റ് എടുത്ത സെന്ററില്‍ കൊണ്ട് പോയി കാണിക്കുകയാണെങ്കിൽ പണം തിരികെ നല്‍കുമെന്നും കെസിഎ പറഞ്ഞു.