Kerala

ഇത് 100 തികയ്ക്കാന്‍ കിട്ടിയ അസുലഭ അവസരം’; തൃക്കാക്കര അബദ്ധം തിരുത്തുമെന്ന് മുഖ്യമന്ത്രി

Spread the love

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ദേശീയ മാനമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍. ഉപതെരഞ്ഞെടുപ്പ് 100 സീറ്റുകള്‍ തികയ്ക്കാന്‍ എല്‍ഡിഎഫിന് ലഭിച്ച അസുലഭ അവസരമാണെന്ന് മുഖ്യമന്ത്രി വിലയിരുത്തി. തൃക്കാക്കര തങ്ങളുടെ അബദ്ധം തിരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലാരിവട്ടത്ത് വച്ച് നടക്കുന്ന എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കോണ്‍ഗ്രസിന് നേരെ രൂക്ഷവിമര്‍ശനമാണ് പിണറായി വിജയന്‍ തന്റെ പ്രസംഗത്തില്‍ ഉടനീളം ഉയര്‍ത്തിയത്. ബിജെപിക്ക് ഒരേയൊരു ബദല്‍ ഇടതുപക്ഷം മാത്രമാണ്. രാജ്യത്ത് നിലനില്‍ക്കുന്ന പ്രത്യേക രാഷ്ട്രീയ സാഹചര്യങ്ങളാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ഇത്രയേറെ പ്രാധാന്യം ലഭിക്കാന്‍ കാരണം. എല്‍ഡിഎഫിന്റെ വിജയം നാട് ആഗ്രഹിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

തൃക്കാക്കര എല്‍ഡിഎഫിന് ലഭിച്ച മികച്ച അവസരമാണെന്ന് യുഡിഎഫിന് നന്നായി അറിയാമെന്ന് മുഖ്യമന്ത്രി പറയുന്നു. അതിന്റെ ആവലാതി യുഡിഎഫിന് നന്നായുണ്ട്. കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാര്‍ പരാജയമാണെന്ന വിമര്‍ശനവും മുഖ്യമന്ത്രി ഉന്നയിച്ചു. പ്രതിപക്ഷം വികസന വിരോധികളാണെന്ന വിമര്‍ശനവും മുഖ്യമന്ത്രി ആവര്‍ത്തിച്ചു. സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ പ്രതിപക്ഷ പ്രതിഷേധങ്ങള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍.