Kerala

തൃക്കാക്കരയിൽ ട്വന്റി ട്വന്റി മത്സരത്തിനില്ല; കഴിഞ്ഞ തവണ നേടിയത് 13773 വോട്ടുകൾ

Spread the love

തൃക്കാക്കരയിൽ ആം ആദ്‌മി പാർട്ടി മത്സരിക്കില്ലെന്ന് അറിയിച്ചതിന് പിന്നാലെ ട്വന്റി ട്വന്റിയും മത്സരരം​ഗത്ത് നിന്ന് പിന്മാറി. ആം ആദ്‌മി പാർട്ടി നേതൃത്വവുമായി ചർച്ച നടത്തിയ ശേഷമാണ് മത്സരിക്കേണ്ടെന്ന തീരുമാനം കൈക്കൊണ്ടതെന്ന് സാബു ജേക്കബ് പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് ഫലം സംസ്ഥാനതലത്തിൽ യാതൊരു മാറ്റവുമുണ്ടാക്കില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സ്ഥാനാർത്ഥിയെ നിർത്താത്തത്. ഫലത്തില്‍ തൃക്കാക്കരയില്‍ ത്രികോണ പോരാട്ടമാവും ഇത്തവണ നടക്കുക.

ഉപതെരഞ്ഞെടുപ്പില്‍ ഭാഗ്യം പരീക്ഷിച്ച് തിരിച്ചടി നേരിടേണ്ടെന്ന നിലപാടാണ് ആം ആദ്മിക്കുള്ളത്. ആം ആദ്‌മി മത്സരിച്ചാൽ പിന്തുണയ്ക്കുമെന്ന് ട്വന്റി-20 നിലപടെടുത്തിരുന്നു. കേരള സന്ദര്‍ശനത്തിനെത്തുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയേക്കുമെന്നും സൂചനകളുണ്ടായിരുന്നു.

ആംആദ്മി അടിത്തറ ശക്തിപ്പെടുത്തിയതിന് ശേഷം തെരെഞ്ഞെടുപ്പ് മത്സരത്തിനിറങ്ങാമെന്ന് ദേശീയ നേതൃത്വം അറിയിച്ചു. കേരള രാഷ്ട്രീയത്തിലേക്ക് നിര്‍ണായക ചുവട് വയ്ക്കാനൊരുങ്ങുന്ന എഎപിക്ക് ആദ്യ മത്സരം ഉപതെരഞ്ഞെടുപ്പിലാകുന്നത് ഭാവികാര്യങ്ങള്‍ക്ക് ഗുണം ചെയ്‌തേക്കില്ലെന്ന വിലയിരുത്തലിലാണ് തീരുമാനം. കേരളത്തിൽ 140 സീറ്റുകളും നേടുകയാണ് ലക്ഷ്യമെന്ന് നേതാക്കൾ അറിയിച്ചു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ട്വന്‍റി ട്വന്റി സ്ഥാനാര്‍ത്ഥി ഡോക്ടര്‍ ടെറി തോമസിന് തൃക്കാക്കരയില്‍ കിട്ടിയത് 13773 വോട്ടാണ്. പൊതു തെരഞ്ഞെടുപ്പിലെ സാഹചര്യം ഇപ്പോഴില്ലെങ്കിലും രണ്ട് പാര്‍ട്ടികള്‍ക്കുമായി മണ്ഡലത്തിലുളളത് നിര്‍ണ്ണായക വോട്ടുകള്‍ തന്നെ. വിവിധ വിഷയങ്ങളില്‍ സര്‍ക്കാരിനോട് ഇടഞ്ഞു നില്‍ക്കുകയാണെങ്കിലും ട്വന്‍റി ട്വന്‍റി ഏതെങ്കിലും സ്ഥാനാര്‍ത്ഥിയെ പരസ്യമായി പിന്തുണക്കില്ല. ആം ആദ്മിയും ഇക്കാര്യത്തില്‍ ട്വന്‍റി ട്വന്‍റി നിലപാടിനൊപ്പമായിരിക്കാനാണ് സാധ്യത.