Kerala

മെമ്മറി കാർഡ് എടുത്തുമാറ്റിയതാവാമെന്ന് ഡ്രൈവർ; അന്വേഷണത്തിന് നിർദ്ദേശം നൽകി ഗതാഗത മന്ത്രി

Spread the love

കെഎസ്ആർടിസി ബസ്സിലെ മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ പ്രതികരിച്ച് ഡ്രൈവർ യദു. സംഭവം നടക്കുന്ന സമയത്ത് ബസ്സിൽ വിഡിയോ റെക്കോർഡ് ചെയ്തിരുന്നതായി യദു പറഞ്ഞു. മെമ്മറി കാർഡ് എടുത്തു മാറ്റിയതാവാം. തെളിവ് നശിപ്പിക്കാനുള്ള ശ്രമം നടന്നു എന്നും യദു പ്രതികരിച്ചു.

സംഭവത്തിൽ ഗതാഗത മന്ത്രി കെ പി ഗണേഷ് കുമാർ അന്വേഷണത്തിന് നിർദ്ദേശം നൽകി. കെഎസ്ആർടിസി സിഎംഡിക്കാണ് നിർദ്ദേശം നൽകിയത്.

ബസിലെ മൂന്ന് ക്യാമറകളിലെ ദൃശ്യങ്ങളെടുത്ത് പരിശോധിക്കാനാണ് പൊലീസ് എത്തിയത്. എന്നാൽ, ബസിലെ മെമ്മറി കാർഡ് കാണാനില്ല എന്ന് പൊലീസ് അറിയിക്കുകയായിരുന്നു.

തമ്പാനൂർ ഡിപ്പോയിൽ എത്തിയാണ് പരിശോധന നടത്തുന്നത്. തർക്കം ഉണ്ടായ ബസ്സിലുള്ളത് മൂന്ന് ക്യാമറകളാണ്. എന്നാൽ, ദൃശ്യങ്ങൾ സൂക്ഷിക്കുന്ന മെമ്മറി കാർഡ് കാണാനില്ല. കേസന്വേഷണത്തെ ഇത് പ്രതികൂലമായി ബാധിക്കും. ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചു എന്ന മേയറിൻ്റെ ആരോപണങ്ങളടക്കം തെളിയിക്കപ്പെടണമെങ്കിൽ ഈ ദൃശ്യം പരിശോധിക്കേണ്ടതുണ്ട്. എന്നാൽ, മെമ്മറി കാർഡ് ഇല്ലാത്തതിനാൽ ഇതിൽ പ്രതിസന്ധിയുണ്ടാവും. ഇതേപ്പറ്റി കെഎസ്ആർടിസിയോട് പൊലീസ് വിശദീകരണം തേടും.

തർക്കം നിയമപരമായി നേരിടുമെന്നായിരുന്നു ആര്യ രാജേന്ദ്രൻ്റെ പ്രതികരണം. നിയമപരമായ വിഷയമായതു കൊണ്ട് കൂടുതലായി കടക്കാൻ ആഗ്രഹിക്കുന്നില്ല. ഏതു സ്ഥാനത്തിരിക്കുന്നവരാണെങ്കിലും ജനപ്രതിനിധികളും മനുഷ്യരാണ് എന്നും മേയർ പറഞ്ഞു.

ഭാവിയിൽ ഒരു സ്ത്രീക്കും ഇതുണ്ടാകാതിരിക്കാനുള്ളതാണ് പ്രതികരണം. ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ പ്രതികരിക്കാൻ ശീലിക്കുന്ന സമൂഹത്തെയാണ് വാർത്ത് എടുക്കേണ്ടത്. വലിയ പ്രയാസമുണ്ട്. തന്റെ കുടുംബം പ്രതികരിച്ചത് ഈ നാട്ടിൽ ഒരു തെറ്റായ പ്രവണത വരാതിരിക്കാനാണ്. എന്നാൽ പ്രചരിപ്പിച്ചത് തെറ്റായ വാർത്തകൾ. സൈബർ അറ്റാക്ക് നടക്കുന്നു. ഒരു മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തില്ല. ചില മാധ്യമങ്ങൾ ബോധപൂർവം തെറ്റിദ്ധാരണ പരത്തുന്നു

സൈഡ് കൊടുക്കാത്തതിരുന്നതിനാൽ ഉണ്ടായ തർക്കത്തെ ഒതുക്കാനാണ് ലൈംഗികത ചേഷ്ഠ ആരോപണം ഉയർത്തുന്നത് എന്നാണ് പ്രചരിപ്പിക്കുന്നത്. നിയമപരമായി മുന്നോട്ടുപോകും. അതിൽ ഉറച്ചുനിൽക്കും. ഇങ്ങനെ ഒരു വിഷയം വരുമ്പോൾ കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും ഒന്നിച്ചു നിൽക്കും എന്ന് കരുതിയിരുന്നു. സ്ത്രീപക്ഷമാണ് എന്ന് പറയുന്നവരൊന്നും സ്ത്രീപക്ഷമല്ല എന്നും മേയർ പറഞ്ഞു.