Kerala

കോഴിക്കോട് നവകേരള സദസ്സിനെതിരെ വ്യാപക പ്രതിഷേധം, മുഖ്യമന്ത്രിക്കുനേരെ വൈകിട്ടും കരിങ്കൊടി വീശി

Spread the love

കോഴിക്കോട്: നവകേരള സദസ്സിനെതിരെ ഇന്ന് കോഴിക്കോട് വിവിധ പ്രതിപക്ഷ യുവജന സംഘടനകളുടെ പ്രതിഷേധമുണ്ടായി. കോഴിക്കോട് എരഞ്ഞിപ്പാലത്ത് രാവിലെ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ കെഎസ്‍യു ജില്ലാ പ്രസിഡൻ്റ് വി.ടി.സൂരജ് ഉൾപ്പെടെയുള്ള പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. വൈകfട്ട് ബീച്ചിലെ നവകേരള സദസ് വേദിയിലേക്ക് വരികയായിരുന്ന മുഖ്യമന്ത്രിക്ക് നേരെ സിവിൽ സ്റ്റേഷൻ പരിസരം, എരഞ്ഞിപ്പാലം എന്നിവിടങ്ങളിൽ കെ എസ് യു പ്രവർത്തകർ കരിങ്കൊടി വീശി. വേങ്ങേരിയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശാൻ ശ്രമിച്ച മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ബീച്ചിലെ നവകേരള സദസ് വേദിയിലേക്ക് യുവമോർച്ച പ്രവർത്തകരും പ്രതിഷേധ പ്രകടനം നടത്തി. പ്രകടനം കോർപ്പറേഷൻ ഓഫീസിന് സമീപം പോലീസ് തടഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുന്നതിനു മുൻപായിരുന്നു പ്രതിഷേധം. പ്രഭാതയോഗം നടന്ന വേദിയിലേക്ക് കെഎസ്‍ആർടിസിയിലെ ഐഎൻടിയുസി പ്രവർത്തകരും മാർച്ച് നടത്തിയിരുന്നു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കെഎസ്‍യു സംസ്ഥാന എക്സിക്യുട്ടീവ് അംഗം റനീഫ് മുണ്ടോത്ത്, യൂത്ത് കോൺഗ്രസ് ഉള്ളിയേരി മണ്ഡലം ഭാരവാഹികളായ അൻവർ ചിറക്കൽ, അനഫി ഉള്ളൂർ ഉൾപ്പെടെ നിരവധി യൂത്ത് കോൺഗ്രസ് പ്രവർ‍ത്തകരെ പൊലീസ് കരുതൽ തടങ്ങലിൽ വച്ചിട്ടുണ്ട്.