‘എവിടെ നിന്നാലും ജയിക്കാൻ ജി.സുധാകരൻ കുട്ടിച്ചാത്തനാണോ? കൂടുതൽ പറയിക്കരുത്’: യു.പ്രതിഭ
ആലപ്പുഴ ∙ തിരഞ്ഞെടുപ്പു പരാജയം അവലോകനം ചെയ്യുന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിന്റെ അവസാന ദിവസവും മുൻ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനുമെതിരെ രൂക്ഷവിമർശനം. അതേസമയം, മുൻ വിഎസ് പക്ഷക്കാരായ ചിലർ ഉൾപ്പെടെ ഒരു വിഭാഗം പിണറായിയെ പ്രതിരോധിക്കുകയും ചെയ്തു. നേതൃത്വം ശൈലി മാറ്റണമെന്നും തിരുത്തിയില്ലെങ്കിൽ പാർട്ടിക്കു നിലനിൽപില്ലെന്നും ചർച്ചയിൽ അഭിപ്രായമുയർന്നു. സംസ്ഥാന കമ്മിറ്റി ഫലപ്രദമായി പ്രവർത്തിക്കുന്നില്ലെന്നും ജനകീയ ഇടപെടലുകൾ ദുർബലമായെന്നും അഭിപ്രായമുയർന്നു. പിണറായിക്കെതിരെ ശക്തമായ ജനവികാരമുണ്ടെന്നു തിരിച്ചറിഞ്ഞില്ലെന്നും ചിലർ ചൂണ്ടിക്കാട്ടി. എന്നാൽ, എല്ലാ കുറ്റവും പിണറായിക്കുമേൽ ചുമത്തേണ്ടെന്നായിരുന്നു മറുപക്ഷത്തിന്റെ വാദം. ക്രിക്കറ്റ് കളിയിൽ തോറ്റാൽ ക്യാപ്റ്റനു മാത്രമല്ലല്ലോ കുറ്റം. പാർട്ടിയും മുന്നണിയുമല്ലേ തിരഞ്ഞെടുപ്പിനെ നേരിട്ടത്. പിണറായി മാത്രം എങ്ങനെ കുറ്റക്കാരനാകും എന്നും ചോദിച്ചു.
പിണറായിയെ മാറ്റില്ല
പിണറായിയെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നു മാറ്റണമെന്ന ആവശ്യം ഇന്നലെയും ഉയർന്നെങ്കിലും സംസ്ഥാന നേതൃത്വം അതു തള്ളി. പിണറായിയെ മാറ്റില്ലെന്നു സംസ്ഥാന സെക്രട്ടേറിയറ്റിൽനിന്നു യോഗത്തിൽ പങ്കെടുത്ത തോമസ് ഐസക് ചർച്ചകൾക്കുള്ള മറുപടിയിൽ വ്യക്തമാക്കി.രക്ഷാപ്രവർത്തനത്തിന് ശിക്ഷ
എ.ഡി.തോമസിനെ മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാർ തല്ലിയത് ആലപ്പുഴയിൽ പരാജയകാരണമായെന്ന വിമർശനവുമുണ്ടായി. സ്ത്രീകൾക്കിടയിൽ ഇതു തോമസിനോടു വലിയ അനുകമ്പയുണ്ടാക്കി. തല്ലിയതിനു പിന്നാലെ അതിനെ രക്ഷാപ്രവർത്തനമെന്നു വിളിച്ചു ന്യായീകരിച്ചു. ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ടെന്ന കാര്യം മറന്നു. ശബരിമല സ്വർണക്കൊള്ളയിൽ എ.പത്മകുമാറിനെ പാർട്ടി സംരക്ഷിച്ചു. പത്മകുമാറിനു പിണറായിയുമായി അടുത്ത ബന്ധമാണെന്നും വിമർശനമുയർന്നു.
‘ജി.സുധാകരൻ കുട്ടിച്ചാത്തനാണോ?’
എവിടെ നിന്നാലും ജയിക്കുമെന്നു പറയാൻ ജി.സുധാകരൻ കുട്ടിച്ചാത്തനാണോ എന്നു കായംകുളത്തു പരാജയപ്പെട്ട യു.പ്രതിഭ ചർച്ചയിൽ ചോദിച്ചു. എവിടെ നിന്നാലും താൻ ജയിക്കുമെന്ന സുധാകരന്റെ പരാമർശത്തോടായിരുന്നു പ്രതിഭയുടെ പ്രതികരണം. സുധാകരൻ കൂടുതൽ പറയിക്കരുതെന്നും പ്രതിഭ പറഞ്ഞു.‘‘കായംകുളത്തു സുധാകരൻ എന്നെ തോൽപിക്കാൻ ശ്രമിച്ചു. തോൽപിക്കണമെന്നു പലരോടും ഫോണിൽ ആവശ്യപ്പെട്ടു. അമ്പലപ്പുഴയിലും ഇതേ പണി ചെയ്തു. 2021ൽ സ്ഥാനാർഥിയല്ലാഞ്ഞിട്ടും സുധാകരൻ പണം പിരിച്ചു. അതിന്റെ കണക്കു പാർട്ടിക്കു നൽകിയിട്ടില്ല. എന്നിട്ടും ഈ വിവരം നേതൃത്വം ജനങ്ങളിൽനിന്നു മറച്ചുവച്ചു.’’ അതിന്റെ പ്രതിഫലമാണു സുധാകരൻ ഇപ്പോൾ തന്നതെന്നും പ്രതിഭ പറഞ്ഞു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ നിയമനടപടിക്കു പ്രതിഭ പാർട്ടിയുടെ അനുമതി തേടി. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു തന്റെ മകനെ വെള്ളാപ്പള്ളി അവഹേളിച്ചെന്നും പ്രതിഭ പറഞ്ഞു.ജില്ലാ നേതൃത്വത്തിനെതിരെ പാർട്ടി
ജില്ലാ നേതൃത്വം പരാജയമാണെന്ന വിമർശനം ഇന്നലെയും ഉണ്ടായി. താഴേത്തട്ടിൽ സംഘടനാ സംവിധാനം ദുർബലമാണെന്നും ബ്രാഞ്ചുകളുടെ യോഗം പോലും കൃത്യമായി നടക്കുന്നില്ലെന്നും അഭിപ്രായമുയർന്നു.
ഏരിയ കമ്മിറ്റി യോഗങ്ങൾ ഇന്നു മുതൽ
തിരഞ്ഞെടുപ്പു ഫലം അവലോകനം ചെയ്യാൻ ഏരിയ കമ്മിറ്റി യോഗങ്ങൾ ഇന്നു തുടങ്ങും. സംസ്ഥാന കമ്മിറ്റിയംഗങ്ങളുടെ സാന്നിധ്യത്തിലാണിത്. ഇന്ന് ആലപ്പുഴയിൽ എം.വിജയകുമാറും അമ്പലപ്പുഴയിൽ വി.എൻ.വാസവനും മാരാരിക്കുളത്ത് എം.എച്ച്.ഷാരിയറും ചാരുംമൂട്ടിൽ കടകംപള്ളി സുരേന്ദ്രനും കഞ്ഞിക്കുഴിയിൽ കെ.പി.ഉദയഭാനുവും പങ്കെടുക്കും. നാളെ തകഴിയിൽ എസ്.ജയമോഹനും കായംകുളത്ത് എം.സ്വരാജും വീണാ ജോർജും ഹരിപ്പാട്ട് വി.ശിവൻകുട്ടിയും കുട്ടനാട്ടിൽ വി.എൻ.വാസവനും ചേർത്തലയിൽ കെ.സോമപ്രസാദും പങ്കെടുക്കും. 23ന് അരൂരിൽ കെ.കെ.ജയചന്ദ്രനും വീണാ ജോർജും മാവേലിക്കരയിൽ കെ.അനിൽകുമാറും ചെങ്ങന്നൂരിൽ എസ്.സുദേവനും കാർത്തികപ്പള്ളിയിൽ വി.ജോയിയും മാന്നാറിൽ കെ.സോമപ്രസാദും പങ്കെടുക്കും.24 മുതൽ ജില്ലാ കമ്മിറ്റി അംഗങ്ങൾ പങ്കെടുക്കുന്ന ലോക്കൽ കമ്മിറ്റി യോഗങ്ങളും തുടർന്ന് ഏരിയ കമ്മിറ്റി അംഗങ്ങൾ പങ്കെടുക്കുന്ന ബ്രാഞ്ച് യോഗങ്ങളും ചേരും. ഈ യോഗങ്ങളിലെ ചർച്ചകളുടെ വിവരങ്ങൾ ക്രോഡീകരിച്ചാണു സംസ്ഥാന കമ്മിറ്റി അവലോകന റിപ്പോർട്ട് തയാറാക്കുക.
‘ജി.സുധാകരൻ കോൺഗ്രസിന്റെയും ബിജെപിയുടെയും കൈക്കോടാലിയായി’
ആലപ്പുഴ ∙ ജി.സുധാകരൻ കോൺഗ്രസിന്റെയും ബിജെപിയുടെയും കൈക്കോടാലിയായി അധഃപതിക്കുന്നെന്നു സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ആരോപിച്ചു. സിപിഎമ്മിന്റെ ചോരയും നീരുമൂറ്റി വളർന്നു സകല സ്ഥാനമാനങ്ങളും നേടിയ ശേഷം നാലു വെള്ളിക്കാശിനായി പാർട്ടിയെ ഒറ്റിക്കൊടുത്തു കിട്ടിയ എംഎൽഎ പദവി ഉപയോഗിച്ചു പാർട്ടിയെയും നേതാക്കളെയും ദിവസവും പുലഭ്യം പറയുകയാണു സുധാകരൻ.സ്വന്തം സഹോദരന്റെ രക്തസാക്ഷിത്വത്തിനു പുതിയ കഥ മെനഞ്ഞ് നല്ലപിള്ള ചമയാൻ ശ്രമിക്കുന്നതിനെ ചോദ്യം ചെയ്ത ചാരുംമൂട് ഏരിയ സെക്രട്ടറി ബിനുവിനെ കഠിനമായി ആക്ഷേപിക്കുകയാണ്. ജി.ഭുവനേശ്വരന്റെ ബലികുടീരത്തിൽ കയറാനുള്ള രാഷ്ട്രീയ വിശുദ്ധി സുധാകരൻ നഷ്ടപ്പെടുത്തി. 60 കൊല്ലത്തെ കമ്യൂണിസ്റ്റ് പാരമ്പര്യം അഭിമാനത്തോടെ പറയുന്ന സുധാകരന് ഇപ്പോഴാണ് എല്ലാവരും മോശക്കാരായത്. കോൺഗ്രസിന്റെയും ബിജെപിയുടെയും കയ്യടി നേടാനുള്ള തറവേലയാണിതെന്നും സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.
