ഫുട്ബോൾ ലോകകപ്പിനൊപ്പം സപ്ലൈകോയും; സോക്കർ ഇലവനുമായി ശബരി ഉത്പന്നങ്ങൾ
ഫിഫ ഫുട്ബോൾ ലോകകപ്പിനൊപ്പം സപ്ലൈകോയും. 11 ശബരി ഉൽപ്പന്നങ്ങൾക്ക് സപ്ലൈകോ സോക്കർ ഇലവനിലൂടെ ആകർഷകമായ വിലക്കിഴവുകൾ നൽകും. 11 ടീമുകളെ സപ്ലൈകോയുടെ 11 ശബരി ഉൽപ്പന്നങ്ങളുമായി ബന്ധപ്പെടുത്തിയാണ് ആകർഷകമായ വിലക്കിഴവുകൾ നൽകുക. ഓരോ മത്സരത്തിലും ഒരു ടീം നേടുന്ന ഗോളുകളുടെ എണ്ണത്തിന് തുല്യമായ ശതമാനം വിലക്കിഴിവ് ശബരി ഉത്പന്നങ്ങൾക്ക് ലഭിക്കും. ബ്രസീൽ മൂന്നു ഗോൾ നേടിയാൽ ശബരി മഞ്ഞൾപൊടിയ്ക്ക് അടുത്ത മത്സരം ആരംഭിക്കുന്നവരെ മൂന്ന് ശതമാനം വില കിഴിവ് ആകും ലഭിക്കുക.
പെനാൽറ്റി ഷൂട്ടൗട്ടിൽ നേടുന്ന ഗോളുകൾ വിലക്കിഴിവിൽ പരിഗണിക്കില്ല. ഓരോ ടീമിൻ്റെയും വിലക്കിഴിവ് നിരക്ക് ആ ടീമിൻ്റെ അടുത്ത മത്സരം ആരംഭിക്കുന്നതുവരെ മാത്രമായിരിക്കും പ്രാബല്യത്തിൽ ഉണ്ടാകുക. ടീം ലോകകപ്പിൽ നിന്ന് പുറത്തായാൽ വിലക്കിഴിവും അവസാനിക്കും. ബ്രസീൽ, ജർമ്മനി, നെതർലാൻഡ്, സ്പെയിൻ, ബെൽജിയം, ഫ്രാൻസ്, അർജൻ്റീന, ഇംഗ്ലണ്ട്, പോർച്ചുഗൽ, ക്രൊയേഷ്യ, മൊറോക്കോ, എന്നീ ടീമുകളാണ് സപ്ലൈകോ ഇലവൻ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സപ്ലൈകോയിൽ നിലവിൽ ലഭ്യമായ വിലക്കുറവിന് പുറമേയാണ് ഈ ഓഫർ.ഫുട്ബോൾ ലോകകപ്പിന് നാളെയാണ് കിക്ക് ഓഫ്. ഇന്ത്യൻ സമയം പുലർച്ചെ 12.30 ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ മെക്സിക്കോ – ദക്ഷിണാഫ്രിക്കയെ നേരിടും. ചരിത്രത്തിലെ ഏറ്റവും കൂടുതൽ ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ കിരീട പ്രതീക്ഷയിലാണ് പ്രധാന ടീമുകൾ. 12 ഗ്രൂപ്പുകളിലായി 48 ടീമുകളാണ് ഇത്തവണ മാറ്റുരക്കുന്നത്.
