വേനൽച്ചൂടിന് ആശ്വാസം, യുഎഇയുടെ കിഴക്കൻ മേഖലകളിൽ മഴ, ഖോർഫക്കാൻ മലനിരകളിൽ വെള്ളച്ചാട്ടം രൂപപ്പെട്ടു
കടുത്ത വേനൽച്ചൂടിന് ആശ്വാസമായി യുഎഇയുടെ കിഴക്കൻ മേഖലകളിൽ ശക്തമായ മഴ. ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമായ ഖോർഫക്കാൻ മലനിരകളിൽ പ്രകൃതിദത്ത വെള്ളച്ചാട്ടങ്ങൾ രൂപപ്പെട്ടു. കുട്ടികളുൾപ്പെടെയുള്ള നിരവധി താമസക്കാരാണ് മഴ ആസ്വദിക്കാനായി പുറത്തേക്കിറങ്ങിയത്.
ഞായറാഴ്ച പെയ്ത ശക്തമായ മഴയിൽ ഖോർഫക്കാനിലെയും ഫുജൈറയിലെയും പർവ്വതനിരകളിൽ മനോഹരമായ വെള്ളച്ചാട്ടങ്ങളാണ് രൂപപ്പെട്ടത്. ഫുജൈറയിലേക്കുള്ള ഷെയ്ഖ് ഖലീഫ സ്ട്രീറ്റിന് സമീപമുള്ള വെള്ളച്ചാട്ടങ്ങളിൽ കുട്ടികൾ ഉൾപ്പെടെയുള്ളവർ വെള്ളത്തിൽ കളിച്ചും ആസ്വദിച്ചും സമയം ചിലവഴിച്ചു. മഴ കനത്തതോടെ മലയോര മേഖലകളിലെ വാദികൾ പലതും നിറഞ്ഞൊഴുകുകയാണ്.
ശക്തമായ കാറ്റോടുകൂടി പെയ്ത മഴ പലയിടങ്ങളിലും റോഡ് ഗതാഗതത്തെ ചെറിയ രീതിയിൽ ബാധിച്ചു. ഫുജൈറ റോഡിൽ മഴ കനത്തത് കാഴ്ചാപരിധി കുറയാൻ കാരണമായി. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള മൺസൂൺ സമ്മർദ്ദം മൂലമാണ് യുഎഇയുടെ കിഴക്കൻ പ്രദേശങ്ങളിൽ സാധാരണയായി വേനൽക്കാലത്ത് ഇത്തരത്തിൽ മഴ ലഭിക്കുന്നത്. രാജ്യത്തിന്റെ മറ്റ് ചില ഭാഗങ്ങളിലും കാർമേഘങ്ങൾ രൂപപ്പെടുകയും നേരിയ മഴ പെയ്യുകയും ചെയ്തിട്ടുണ്ട് .രേഖപ്പെടുത്തിയ റെക്കോർഡ് മഴയ്ക്ക് ശേഷം ലഭിക്കുന്ന പ്രധാന വേനൽമഴയാണിത്. അന്ന് അൽ തവിയീൻ, അൽ മർജാൻ, ഖോർഫക്കാൻ മേഖലകളിൽ വലിയ തോതിൽ മഴ ലഭിക്കുകയും റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്തിരുന്നു. കനത്ത ചൂടിൽ വലഞ്ഞിരുന്ന പ്രവാസികൾക്കും സ്വദേശികൾക്കും വലിയൊരു ആശ്വാസമാണ് ഈ അപ്രതീക്ഷിത മഴ സമ്മാനിച്ചത്.
