ചുമതലയേൽക്കുന്നതിന് മുന്നോടിയായി മലയാളി അസി. കലക്ടർ നന്ദനയോട് വിജയ് പറഞ്ഞു: ‘സമൂഹത്തിനായി പ്രവർത്തിക്കുക’
കൊട്ടാരക്കര∙‘യുവ പ്രതിഭകളായ നിങ്ങളെ കാണുന്നതിൽ സന്തോഷമുണ്ട്. സമൂഹത്തിന് വേണ്ടി നന്നായി ജോലി ചെയ്യുക’–തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യുടെ വാക്കുകളുടെ പ്രചോദനത്തിലാണ് സേലം അസിസ്റ്റന്റ് കലക്ടറായി നിയമിതയായ കൊട്ടാരക്കര വയയ്ക്കൽ സ്വസ്തിയിൽ ജി.പി.നന്ദന. ഐഎഎസ് പരിശീലനം പൂർത്തിയാക്കി തമിഴ്നാട് കേഡറിൽ നിയമിതയായ നന്ദന ചുമതലയേൽക്കുന്നതിന് മുന്നോടിയായാണ് സ്വന്തം ബാച്ചിൽപെട്ട പത്ത് പേർക്ക് ഒപ്പം കഴിഞ്ഞ ദിവസം വിജയിയെ കാണാനെത്തിയത്. ഡാനിയേൽ ഗോൾമാന്റെ ഇമോഷനൽ ഇന്റലിജൻസ് എന്ന പുസ്തകവും വിജയിക്ക് സമ്മാനിച്ചു. ഹൃദ്യമായ സ്വീകരണം ലഭിച്ചതെന്ന് നന്ദന പറഞ്ഞു. 2017-19 വർഷം കൊട്ടാരക്കര ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിദ്യാർഥിയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലാണ് സിവിൽ സർവീസ് പരിശീലനം ആരംഭിച്ചത്.
