കോഴിക്കോട് മെഡിക്കൽ കോളജിൽ തീ പടർന്നപ്പോൾ യൂറിൻ ബാഗെടുത്ത് ഓടി രോഗികൾ; ‘തീപിടുത്തം’ സംബന്ധിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് ആരോഗ്യമന്ത്രി
ഷോർട്ട് സർക്യൂട്ട് ഉണ്ടായി പുക ഉയർന്നത് സൃഷ്ടിച്ച വിവാദം പൂർണമായും കെട്ടടങ്ങുന്നതിന് മുൻപാണ്, കോഴിക്കോട് മെഡിക്കൽ കോളജിലെ അതേ കെട്ടിടത്തിൽ തീ പിടുത്തമുണ്ടായത്. നേരത്തെ പൊട്ടിത്തെറിയുണ്ടായ ബ്ലോക്കിലെ ആറാം നിലയിലാണ് തീപിടിത്തം. ഇവിടെ ഓപ്പറേഷൻ സംവിധാനം ഒരുക്കുന്നതിനിടെയാണ് തീപിടുത്തമുണ്ടായത്. അപകട സമയത്ത് മൂന്നും നാലു ബ്ലോക്കിൽ ഇരുപതോളം രോഗികളാണ് ഉണ്ടായിരുന്നത്.
പുക ഉയരുന്നത് കണ്ട് ഓടിരക്ഷപ്പെടുകയായിരുന്നുവെന്നായിരുന്നു ചികിത്സയിൽ ഉണ്ടായിരുന്ന രോഗികളുടെ പ്രതികരണം. പുകയുടെ ഗന്ധം ഉണ്ടായെന്ന് രോഗികളും കൂട്ടിരിപ്പുകാരും പറയുന്നു. ശസ്ത്രക്രിയ കഴിഞ്ഞവർ ഉൾപ്പെടെ ആറാംനിലയിൽ ഉണ്ടായിരുന്നു. യൂറിൻ ബാഗുൾപ്പടെ കൈയ്യിലെടുത്താണ് പല രോഗികളും തീപിടുത്തത്തെ തുടർന്ന് ഓടിരക്ഷപ്പെട്ടതെന്നും ദൃക്‌സാക്ഷികൾ പറയുന്നു.
എന്നാൽ ബ്ലോക്കിൽ രോഗികളെ പ്രവേശിപ്പിച്ചിരുന്നോ എന്നതിൽ മെഡിക്കൽ കോളജ് ആശുപത്രി അധികൃതർക്ക് വ്യക്തമായ വിശദീകരണമില്ല. തീപിടുത്തത്തിന് പിന്നാലെ പ്രതിപക്ഷ സംഘടനകൾ പ്രതിഷേധവുമായെത്തി. സമഗ്ര പരിശോധനയ്ക്ക് ശേഷമേ രോഗികളെ ഈ ബ്ലോക്കിൽ പ്രവേശിപ്പിക്കാവൂ എന്ന് എം കെ രാഘവൻ എം പി ആവശ്യപ്പെട്ടു.നിലവിൽ ആശുപത്രിയിലെ തീ പൂർണമായും അണച്ചു.
അതേസമയം, തീപിടുത്തം സംബന്ധിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി. ഫയർ ഓഡിറ്റിലും സേഫ്റ്റി ഓഡിറ്റിലും വീഴ്ചയില്ല. ഇന്ന് 6,5 നിലകളിൽ പരിശോധന നടത്തിയപ്പോഴാണ് സീലിംഗ് ലൈറ്റിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടായത്. തീപിടുത്തം ഉണ്ടായത് സുരക്ഷാ പരിശോധനയ്ക്കിടെയായിരുന്നുവെന്നും സമഗ്ര ഫയർ ഓഡിറ്റ് നടത്താൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംഭവത്തിൽ സബ് കളക്ടർ അധ്യക്ഷനായ സമിതി സാങ്കേതിക വിദഗ്ദരുടെ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളജിലെ തുടർച്ചയായ തീപിടുത്തങ്ങളുടെ കാരണം സാങ്കേതിക അന്വേഷണത്തിലൂടെ മാത്രമേ കണ്ടെത്താനാവൂ. മെഷ്യനുകൾ പ്രവർത്തിപ്പിച്ചത് മറ്റ് പ്രശ്നങ്ങൾ ഇല്ല എന്ന് ഉറപ്പാക്കിയ ശേഷം മാത്രമായിരുന്നു. പരിശോധന നടത്തി ഉറപ്പ് നൽകിയത് ഇലക്ട്രിക്കൽ വിഭാഗമാണ്. ഓപ്പറേഷൻ തീയറ്ററുകൾ പ്രവർത്തിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യമെന്നും വീണാ ജോർജ് പറഞ്ഞു.
ആശുപത്രിയിലെ 2,3,4 നിലകളിൽ രോഗികളെ പ്രവേശിപ്പിച്ചു. അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു. അനുവാദമില്ലാതെ രോഗികളെ പ്രവേശിപ്പിച്ചതിൽ വിശദീകരണം തേടിയിട്ടുണ്ട്. മറുപടി കേട്ട ശേഷം മാത്രം നടപടി സ്വീകരിക്കും. ബിൽഡിങ് പൂർണ സജ്ജമായ ശേഷം മാത്രം രോഗികളെ പ്രവേശിപ്പിക്കാനായിരുന്നു നിർദേശം നൽകിയിരുന്നതെന്നും മന്ത്രി വ്യക്തമാക്കി.