സർക്കാർ അഭിഭാഷക നിയമനം: മന്ത്രിമാർ പോലും അറിഞ്ഞില്ല, പാർട്ടിയെയും മുന്നണിയെയും ഇരുട്ടിൽനിർത്തി മുഖ്യമന്ത്രി
തിരുവനന്തപുരം: ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷക നിയമനത്തില്‍ തീരുമാനമെടുത്തത് മുഖ്യമന്ത്രി. മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യാതെയാണ് നിയമനം തീരുമാനിച്ചത്. അജണ്ടയ്ക്ക് പുറത്താണ് അഭിഭാഷക നിയമനം അവതരിപ്പിച്ചത്. അതത് വകുപ്പിന്റെ മന്ത്രിമാര്‍ പോലും സ്വന്തം വകുപ്പിലെ അഭിഭാഷക നിയമനം അറിഞ്ഞില്ലെന്നാണ് വിവരം.
വിവാദമായ കെ ബി പ്രദീപിന്റെ നിയമനം ദേവസ്വം സെക്രട്ടറിയും അറിഞ്ഞിട്ടില്ലെന്നാണ് സൂചന. വകുപ്പ് സെക്രട്ടറിമാരുടെ മുന്നിലേക്ക് ഫയലുകള്‍ എത്തിയിട്ടില്ലെന്നും സൂചനയുണ്ട്. പാര്‍ട്ടിയിലും മുന്നണിയിലും ചര്‍ച്ച ചെയ്യാതെയാണ് നിയമനങ്ങള്‍ തീരുമാനിച്ചതെന്നാണ് വിവരം. പ്രധാന നേതാക്കളുമായി പോലും കൂടിയാലോചനകള്‍ നടന്നിട്ടില്ല.
കെ ബി പ്രദീപിന്റെ നിയമനത്തില്‍ മുഖ്യമന്ത്രിയാണ് തീരുമാനമെടുത്തതെന്ന് ആദ്യം തന്നെ ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരന്‍ പറഞ്ഞിരുന്നു. വിഷയത്തില്‍ മുന്നണിയിലും പാര്‍ട്ടിയിലും കടുത്ത അതൃപ്തിയുണ്ട്. അതൃപ്തി പരസ്യമാക്കി കോണ്‍ഗ്രസ് നേതാക്കളായ ജിന്റോ ജോണും രജിത്ത് രവീന്ദ്രനും രംഗത്തെത്തിയിരുന്നു. നിയമനങ്ങളിലെ വ്യക്തി താല്‍പര്യം ചൂണ്ടിക്കാട്ടി ലോയേഴ്‌സ് കോണ്‍ഗ്രസും രംഗത്തെത്തി.വിയര്‍ത്ത് പണിയെടുത്തവരെയും തെരുവില്‍ പോരാടിയവരെയും അവഗണിച്ച് മറ്റ് പാര്‍ട്ടികളിലെ മിടുക്കരെ തേടുന്ന ഇടപാട് ഇരിക്കുന്ന ഇടത്തെ അപമാനിക്കലാണെന്നായിരുന്നു ജിന്റോയുടെ വിമര്‍ശനം. ശ്രദ്ധക്കുറവ് തുടര്‍ച്ചയായി ഉണ്ടായാല്‍ തക്കം പാര്‍ത്തിരിക്കുന്ന ശത്രുക്കള്‍ക്ക് ആയുധമാകും. തോറ്റപ്പോഴൊന്നും വേറെയിടം തേടിപ്പോകാത്തവരെ മറക്കല്ലേയെന്നും ജിന്റോ പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു ജിന്റോയുടെ വിമര്‍ശനം.
