Uncategorized

‘അൻസിബ മതം മാറ്റാൻ ശ്രമിച്ചിട്ടില്ല’; ടിനിക്കെതിരായ നടിയുടെ പരാതിയിൽ മൊഴി നൽകി പ്രൊഡക്ഷന്‍ കൺട്രോളറുടെ മകൻ

Spread the love

 

കൊച്ചി: നടന്‍ ടിനി ടോമിനെതിരായ അന്‍സിബ ഹസന്റെ പരാതിയില്‍ മൊഴി നല്‍കി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജീവ് കുടപ്പനകുന്നിലിന്റെ മകന്‍ ശ്രീകൈലാസ്. തന്നെ അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ലെന്ന് ശ്രീകൈലാസ് മൊഴി നല്‍കി. കടവന്ത്ര പൊലീസിനാണ് മൊഴി നല്‍കിയത്.

 

പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകനെ താന്‍ മതം മാറ്റാന്‍ ശ്രമിച്ചെന്ന് ടിനി പ്രചരിപ്പിച്ചെന്നായിരുന്നു അന്‍സിബയുടെ പരാതി. ഇതിലാണ് മൊഴിയെടുപ്പ് നടന്നത്. നടി നീന കുറുപ്പിന്റെ മൊഴിയും കടവന്ത്ര പോലീസ് രേഖപ്പെടുത്തിയിരുന്നു.

 

ടിനി ടോമിനെതിരായ പരാതിയില്‍ നേരത്ത അന്‍സിബയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. തന്റെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് അന്‍സിബ പറഞ്ഞിരുന്നു. ‘ടിനി ടോം രാഷ്ട്രീയത്തില്‍ സ്വാധീനമുളള വ്യക്തിയാണ്. ടിനി അപകീര്‍ത്തിപ്പെടുത്തുന്ന സന്ദേശം അയച്ചതിന്റെ തെളിവുകള്‍ എന്റെ പക്കലുണ്ട്. ഈ സന്ദേശം അയച്ചത് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിലാണ്. സര്‍ക്കാരില്‍ എനിക്ക് പരിപൂര്‍ണ വിശ്വാസമുണ്ട്’: അന്‍സിബ ഹസന്‍ പറഞ്ഞു.ജൂണ്‍ ഒന്നിനാണ് അന്‍സിബ ടിനിക്കെതിരെ പരാതി നല്‍കിയത്. ടിനി ടോം തനിക്കെതിരെ തുടര്‍ച്ചയായി അപവാദ പ്രചാരണം നടത്തിയെന്നാണ് നടിയുടെ പരാതി. ടിനി ടോമിന്റെ ഡ്രൈവറെ താന്‍ മതംമാറ്റാന്‍ ശ്രമിച്ചു എന്നതുള്‍പ്പെടെ വ്യാജ പ്രചാരണങ്ങള്‍ നടത്തിയെന്നും തന്നെയും കുടുംബത്തെയും വേട്ടയാടാന്‍ ശ്രമിച്ചുവെന്നും അന്‍സിബ ആരോപിക്കുന്നു. താന്‍ കടുത്ത മാനസിക പീഡനത്തിന് ഇരയായെന്നും ടിനി ടോമിന്റേത് സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമാണെന്നും അന്‍സിബ പരാതിയില്‍ ആരോപിക്കുന്നുണ്ട്.

 

എന്നാല്‍ അന്‍സിബയുടെ ആരോപണം നിഷേധിച്ച് ടിനി ടോം രംഗത്തെത്തിയിരുന്നു. സ്റ്റേജ് ഷോകള്‍ നടക്കുമ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും ബഹളവും ചീത്തവിളിയും ഉണ്ടാകുമെന്നും അതല്ലാതെ ഒരു അംഗത്തിനും മോശം മെസേജോ പ്രവര്‍ത്തനങ്ങളോ തന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നാണ് ടിനി ടോം പറഞ്ഞത്. ജിഹാദിയെന്ന് താന്‍ വിളിച്ചിട്ടില്ലെന്നും ടിനി ടോം പറഞ്ഞു. തുടര്‍ന്ന് ടിനി ടോമിനെ പിന്തുണച്ചും എതിര്‍ത്തും അമ്മ സംഘടനയിലെ അഭിനേതാക്കള്‍ രംഗത്തെത്തി.ടിനി ടോം അന്‍സിബയ്ക്കെതിരെ അപവാദം പ്രചരിപ്പിച്ചതിന് താന്‍ സാക്ഷിയാണെന്നും അന്‍സിബയോടും കുക്കു പരമേശ്വരനോടും ടിനി മോശമായി പെരുമാറിയിട്ടുണ്ടെന്നും നടി നീനാ കുറുപ്പ് പറഞ്ഞു. ടിനി ടോം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പെരുമാറുന്ന ആളാണെന്നും എതിര്‍ത്താല്‍ ഭീഷണിപ്പെടുത്തുന്നതാണ് അയാളുടെ രീതിയെന്നും സ്ത്രീകളെ ഭയപ്പെടുത്തുന്ന രീതിയില്‍ സംസാരിക്കുമെന്നും അവര്‍ വെളിപ്പെടുത്തി.