Health

കുട്ടികള്‍ക്കായുള്ള പോഷകാഹാരങ്ങളിലെ ഉയര്‍ന്ന അളവിലെ പഞ്ചസാര ഫാറ്റി ലിവറിന് കാരണമാകുമെന്ന് വിദഗ്ധര്‍

Spread the love

ഇന്ത്യയില്‍ കുട്ടികള്‍ക്കായുള്ള പോഷകാഹാര ഉത്പന്നങ്ങളില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ചേര്‍ക്കുന്നുണ്ടെന്ന് അടുത്തിടെയാണ് കണ്ടെത്തിയത്. ഇത് ഫാറ്റി ലിവറിന് കാരണമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

മദ്യത്തിന്റെ ഉപയോഗം മൂലമുണ്ടാകുന്ന ഫാറ്റി ലിവര്‍ പോലെ തന്നെ അപകടകാരിയാണ് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗവും. അമിതവണ്ണവും ഭാരവുമുള്ള ഇന്ത്യന്‍ കുട്ടികളില്‍ 62 ശതമാനം പേര്‍ക്കും ഫാറ്റി ലിവര്‍ ഉണ്ടെന്നാണ് ‘അനല്‍സ് ഓഫ് ഹെപ്പറ്റോളജി’ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നത്.

കുഞ്ഞുങ്ങള്‍ക്ക് രണ്ടു വയസ്സു വരെ പഞ്ചസാര നല്‍കരുതെന്നാണ് ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സിന്റെ മാര്‍ഗനിര്‍ദ്ദേശം എന്നാല്‍ പോഷകാഹാരങ്ങളിലൂടെയും ചോക്ലേറ്റിലൂടെയും മധുരപലഹാരങ്ങളിലൂടെയുമെല്ലാം പഞ്ചസാര ധാരാളമായി കുട്ടികളുടെ ശരീരത്തില്‍ എത്തുന്നുണ്ട്.

മലബന്ധമോ വയറുവേദനയോ ഒക്കെയായി ഡോക്ടര്‍മാരെ സമീപിക്കുമ്പോള്‍ മാത്രമാണ് ഫാറ്റി ലിവര്‍ കുട്ടികളില്‍ സ്ഥിരീകരിക്കുന്നത്. ആദ്യഘട്ടത്തിലാണെങ്കില്‍ ഭക്ഷണത്തിന്റെ കലോറി കുറച്ചും പഞ്ചസാരയുടെ ഉപയോഗം പരിമിതപ്പെടുത്തിയും വ്യായാമം ചെയ്തും ഭാരം കുറച്ചും മുക്തി നേടാം. രോഗാവസ്ഥയുടെ രണ്ടാം ഘട്ടം മുതല്‍ മരുന്ന് ഒഴിവാക്കാനാകില്ല.