National

ശരത് പവാറിന്റെ സ്വന്തം ബാരാമതിയില്‍ ഇത്തവണ പവാര്‍ കുടുംബത്തിലെ രണ്ട് സ്ത്രീകള്‍ തമ്മില്‍ മത്സരം; തെരഞ്ഞെടുപ്പ് ഫലം എന്‍സിപിയുടെ ഭാവിയും നിശ്ചയിക്കും

Spread the love

മഹാരാഷ്ട്രയില്‍ ആകെയുള്ള 48 സീറ്റുകളില്‍ രണ്ടു വനിതകള്‍ നേര്‍ക്കുനേര്‍ പോരാടുന്ന ഒരേയൊരു മണ്ഡലമാണ് ബാരാമതി. ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലെയും അജിത് പവാറിന്റെ ഭാര്യ സുനേത്രയുമാണ് സ്ഥാനാര്‍ത്ഥികള്‍. നേരിട്ട് മത്സരിക്കുന്നില്ലെങ്കിലും അജിത്തിനും ശരദ് പവാറിനും നിര്‍ണായകമായ ശക്തിപരീക്ഷണമാണ് ബാരാമതിയില്‍ നടക്കുന്നത്. പോരാട്ടത്തെ വ്യക്തിപരമായി കാണേണ്ടതില്ലെന്നും ആശയങ്ങള്‍ തമ്മിലുള്ള മത്സരമായി മാത്രം കണ്ടാല്‍ മതിയെന്നും സുപ്രിയ സുലൈ പറഞ്ഞു.

കശ്മീര്‍ മുതല്‍ കന്യാകുമാരിയെന്നാല്‍ ബാരാമതി എന്നാല്‍ ശരത് പവാറാണെന്നും ശരത്പവാറിനേയും ബാരാമതിയേയും രണ്ടായി കാണാനാകില്ലെന്നും സുപ്രിയ സുലെ പറയുന്നു. ബിജെപി ഭരണത്തിന്റെ വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും അഴിമതിയ്ക്കും എതിരെയാണ് തന്റെ മത്സരമെന്നും സുലെ കൂട്ടിച്ചേര്‍ത്തു.

1964ല്‍ ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചത് മുതല്‍ ശരദ് പവാറിന്റെ കോട്ടയായി മാറുകയായിരുന്നു ബാരാമതി. ഏകപക്ഷീയ തെരഞ്ഞെടുപ്പുകള്‍ മാത്രം കണ്ട വോട്ടര്‍മാര്‍ കുറേ കാലത്തിന് ശേഷമാണ് കടുത്തൊരു രാഷ്ട്രീയ പോരാട്ടം അനുഭവിക്കുന്നത്.

യഥാര്‍ഥ പാര്‍ട്ടി ആരെന്ന ചോദ്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അജിത്തിനൊപ്പമാണ്. എന്നാല്‍ അതങ്ങനെയല്ലെന്ന് തെളിയിക്കാനുള്ള ഇതിലും മികച്ച അവസരം ശരദ് പവാറിന് കിട്ടാനില്ല. സുപ്രിയ ജയിച്ചാല്‍ പാര്‍ട്ടിക്ക് മേല്‍ അജിത്തിനുള്ള അവകാശ വാദങ്ങള്‍ പൊള്ളയെന്ന് വെളിപ്പെടും. നേതാക്കള്‍ അജിത്തിനൊപ്പമെങ്കിലും അണികളും വോട്ടര്‍മാരും തനിക്കൊപ്പമെന്ന് പവാറിന് തെളിയിക്കാം.

ഭാര്യയെ മത്സരിത്തിനിറക്കിയ അജിത് കണ്ണ് വയ്ക്കുന്ന ചിലകണക്കുകളുണ്ട്. ആകെയുള്ള ആറ് നിയമസഭാ മണ്ഡലങ്ങളില്‍ രണ്ടെണ്ണം ബിജെപി കോട്ടയാണ്. ശേഷിക്കുന്ന നാലില്‍ രണ്ടും അജിത്തിന്ര്‍റെ കോട്ട. ഒന്നര ലക്ഷം വോട്ടിന് ജയിച്ച സുപ്രിയയെ ഇത്തവണ മലര്‍ത്തിയടിക്കാമെന്ന് മോഹത്തിന് ആധാരം ഈ കണക്കുകളാണ്. പിളര്‍പ്പിന് ശേഷം അജിത്തുമായി കടുത്ത അകല്‍ച്ചയിലാണ് സുപ്രിയാ സുലേ . നൂറിലേറെ പേര്‍ വരുന്ന പവാര്‍ കുടുംബം ഒന്നടങ്കം സുപ്രിയേക്കൊപ്പമുണ്ട്. ഭാര്യയും മക്കളും മാത്രമാണ് അജിത്തിനൊപ്പം. സ്വന്തം സഹോദരന്‍ പോലും സുപ്രിയയ്ക്ക് വേണ്ടിയാണ് പ്രചാരണം നടത്തുന്നത്