Kerala

വികാരനിര്‍ഭരനായി ഇ.പി; ‘നടന്നതെല്ലാം മാധ്യമഗൂഢാലോചന’; എല്ലാം പാര്‍ട്ടിക്ക് ബോധ്യമായെന്ന് പ്രതികരണം

Spread the love

ബിജെപിയിലേക്ക് പോകാന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ ശ്രമിച്ചെന്ന ആരോപണങ്ങള്‍ പാര്‍ട്ടി നേതൃത്വത്തെ വട്ടംകറക്കുന്നു. വിവാദങ്ങളില്‍ ഇപിക്ക് പിന്തുണ പ്രഖ്യാപിച്ച് പാര്‍ട്ടി നേതൃത്വം രംഗത്തെത്തിയിട്ടും പറഞ്ഞതില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ശോഭാ സുരേന്ദ്രന്‍. വിഷയം സെക്രട്ടേറിയറ്റ് യോഗത്തില്‍ ഉയര്‍ന്നതോടെ വികാരനിര്‍ഭരനായി ഇ പി ജയരാജന്‍.

നടന്നത് മുഴുവന്‍ മാധ്യമ ഗൂഢാലോചനയാണെന്നും എല്ലാം പാര്‍ട്ടിക്ക് ബോധ്യമായെന്നും ഇ പി ജയരാജന്‍ സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം പ്രതികരിച്ചു. മറ്റുള്ളവര്‍ വിളിച്ചുപറയുന്നത് കൊടുക്കാനാണോ മാധ്യമങ്ങളെന്നും വിമര്‍ശനം. ഒരാളെ കണ്ടാല്‍ രാഷ്ട്രീയ സംസ്‌കാരം അസ്തമിക്കുമെന്ന് പറയുന്നത് അസംബന്ധമാണ്. ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഇപി വ്യക്തമാക്കി.

ബിജെപിയോടുള്ള പോരാട്ടത്തിന്റെ ചരിത്രം പറഞ്ഞ ഇപി, കുറേനാളായി തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും അതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ ആരോപണങ്ങളെന്നും തുറന്നടിച്ചു. ടി ജി നന്ദകുമാര്‍ തന്നെ കുടുക്കാന്‍ ശ്രമിച്ചെന്നും വോട്ടെടുപ്പ് ദിവസം തന്നെ നടത്തിയ തുറന്നുപറച്ചില്‍ പാര്‍ട്ടിക്ക് ദോഷം ചെയ്തില്ലെന്നും വ്യക്തമാക്കി.
ഇ.പിക്ക് സി.പി.ഐ.എമ്മിന്റെ പിന്തുണ കിട്ടിയതോടെ എല്‍.ഡി.എഫ് കണ്‍വീനറായി ഇ.പി തന്നെ തുടരും. ദല്ലാള്‍ നന്ദകുമാറുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് ഇ.പി ജയരാജന് നിര്‍ദേശം നല്‍കി. ഇ.പി.ജയരാജന്‍ നല്‍കിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം. ഒരു വര്‍ഷം മുമ്പ് നടന്ന കൂടിക്കാഴ്ചയാണ് വിവാദമാക്കുന്നതെന്നാണ് ഇ.പിയുടെ വിശദീകരണം. രാഷ്ട്രീയ എതിരാളികളോട് സംസാരിച്ചാല്‍ അവസാനിക്കുന്നതല്ല പ്രത്യയ ശാസ്ത്ര കരുതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു. ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ച പാര്‍ട്ടിയില്‍ പറയേണ്ടതില്ല. നയപരവും രാഷ്ട്രീയവുമായ കാര്യങ്ങളുണ്ടെങ്കില്‍ പാര്‍ട്ടിയില്‍ അറിയിച്ചാല്‍ മതിയെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. വിവാദ ദല്ലാള്‍ നന്ദകുമാറുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്നും ഇ.പിയോട് സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് കാര്യങ്ങള്‍ മനസിലാകുമെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.