Thursday, May 16, 2024
Latest:
National

ലോക്സഭാ തെരഞ്ഞെടുപ്പ്; സംസ്ഥാനത്ത് ഇതുവരെ പിടിച്ചെടുത്തത് 33.31 കോടി രൂപയുടെ വസ്തുക്കൾ

Spread the love

ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ പിടിച്ചെടുത്തത് 33.31 കോടി രൂപയുടെ വസ്തുക്കൾ. പിടിച്ചെടുത്തവയിൽ 7.13 കോടിയുടെ ലഹരി വസ്തുക്കളുമുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 03 വരെയുള്ള കണക്കാണിത്. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ‍‍ സഞ്ജയ് കൗള്‍ അറിയിച്ചു.

മതിയായ രേഖകളില്ലാതെ കൊണ്ടുപോയ പണം, മദ്യം, ലഹരി വസ്തുക്കള്‍ തുടങ്ങിയവയുടെ കണക്കാണ്. രേഖകളില്ലാതെ കൊണ്ടുപോയ 6.67 കോടി രൂപ ഒരു കോടി രൂപ മൂല്യം വരുന്ന 28,867 ലിറ്റര്‍ മദ്യവും പിടിച്ചെടുത്തവയിൽ പെടുന്നു. 6.13 കോടി രൂപ മൂല്യം വരുന്ന ലഹരി മരുന്നുകളും കണ്ടെത്തി. പൊലീസ്,ആദായനികുതി വകുപ്പ്, എക്‌സൈസ് തുടങ്ങിയ ഏജൻസികളാണ് പരിശോധന നടത്തിയത്‌‌

മാര്‍ച്ച് 23 ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡി ആര്‍ ഐയും എയര്‍ ഇന്റലിജന്‍സ് യൂണിറ്റും സംയുക്തമായി നടത്തിയ പരിശോധനയില്‍ 3.41 കോടി രൂപ വിലയുള്ള 5.26 കി. ഗ്രാം സ്വര്‍ണം പിടിച്ചെടുത്തിരുന്നു. 2.85 കോടി രൂപ വിപണിവിലയുള്ള 4.4 കി.ഗ്രാം സ്വര്‍ണം ദുബായില്‍ നിന്നെത്തിയ ഇന്റിഗോ വിമാനത്തിലെ ശുചിമുറിയില്‍ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. അതേവിമാനത്തില്‍ തന്നെയെത്തിയ യാത്രക്കാരനില്‍ നിന്നാണ് ബാക്കി 55.77 ലക്ഷം രൂപ മൂല്യമുള്ള 1019 ഗ്രാം സ്വര്‍ണം കണ്ടെത്തിയത്.

സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകള്‍ക്കും ഫ്‌ളയിങ് സ്‌ക്വാഡുകള്‍ക്കുമൊപ്പം ഓരോ ജില്ലക്കും ചെലവ് നിരീക്ഷകരെയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ചിട്ടുണ്ട്. കൂടാതെ എല്ലാ അന്തര്‍ സംസ്ഥാന അതിര്‍ത്തി പാതകളിലും സിസിടിവി സ്ഥാപിക്കുകയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസില്‍ സജ്ജമാക്കിയ കണ്‍ട്രോള്‍ റൂമില്‍ നിന്ന് തത്സമയ നിരീക്ഷണം നടത്തുകയും ചെയ്യുന്നുണ്ട്.