Kerala

കേരളത്തിൽ നാ‌‌മനിർദേശ പത്രിക നൽകിയത് 290 സ്ഥാനാർത്ഥികൾ; ഏറ്റവും കൂടുതൽ തിരുവനന്തപുരത്ത്; കുറവ് ആലത്തൂരിൽ

Spread the love

സംസ്ഥാനത്ത് നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നതിനുള്ള സമയം അവസാനിച്ചപ്പോൾ ആകെ നാമനിർദേശം നൽകിയത് 290 സ്ഥാനാർത്ഥികൾ. 499 നാമനിർദേശ പത്രികകളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചത്. പ്രധാന മുന്നണികളുടെ സ്ഥാനാർത്ഥികൾ എല്ലാം നാമനിർദ്ദേശപത്രിക സമർപ്പിച്ചു. റോഡ് ഷോകൾ അടക്കം സംഘടിപ്പിച്ച് ശക്തി പ്രകടനമായാണ് പലരും പത്രിക നൽകാനെത്തിയത്. തിരുവനന്തപുരത്ത് ശശി തരൂരിനെതിരെ യൂത്ത് കോൺഗ്രസ്സ് വിമത വിഭാഗം നേതാവ് നാമനിർദേശ പത്രിക സമർപ്പിച്ചു. ഏറ്റവും കൂടുതൽ പേർ പത്രിക നൽകിയത് തിരുവനന്തപുരത്താണ്. 22 പേർ. ഏറ്റവും കുറവ് ആലത്തൂരിലാണ്. എട്ട്.

കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്കൊപ്പമാണ് കെ സുരേന്ദ്രൻ പത്രിക സമർപ്പിക്കാൻ എത്തിയത്. അമർ ജവാൻ സ്ക്വയറിൽ പുഷ്പാർച്ചന നടത്തിയതിന് ശേഷം പ്രകടനമായി എത്തിയാണ് തൃശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി പത്രിക നൽകിയത്. കേന്ദ്ര മന്ത്രി എസ് ജയശങ്കർ, പി കെ കൃഷ്ണദാസ ,എ.പി അബ്ദുള്ളക്കുട്ടി എന്നിവർക്കൊപ്പമെത്തിയാണ് രാജീവ് ചന്ദ്രശേഖർ പത്രിക നൽകിയത്. വടകരയിൽ സ്ത്രീകൾ മാത്രം പങ്കെടുത്ത പ്രകടനത്തിൻ്റെ അകമ്പടിയോടെയാണ് ഷാഫി പറമ്പിൽ പത്രിക നൽകിയത് ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ കെ കെ രമ എം.എൽ എ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.

ആലപ്പുഴയിലെ ഇടത് വലത് സ്ഥാനാർഥികളായ എ എം ആരിഫ്, കെ.സി വേണുഗോപാൽ എന്നിവരും പത്രിക നൽകി. രമ്യ ഹരിദാസ്, സി കൃഷ്ണകുമാർ, അടൂർ പ്രകാശ്, എൻ.കെ പ്രേമചന്ദ്രൻ, ഹൈബി ഈഡൻ, എന്നിവരും പത്രിക സമർപ്പിച്ചു.
തിരുവനന്തപുരത്ത് ശശി തരൂരിനെതിരെ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ഷൈൻ ലാൽ നാമനിർദേശ പത്രിക നൽകി.

പൊന്നാനിയിൽ 20 സ്ഥാനാർത്ഥികളും കണ്ണൂരിൽ 18 സ്ഥാനാർത്ഥികളും പത്രിക നൽകി. നാളെ സൂക്ഷ്മ പരിശോധന നടക്കും.ഏപ്രിൽ എട്ടാണ് പത്രിക പിൻവലിക്കുന്നതിനുള്ള അവസാന തീയതി