Kerala

ആലപ്പുഴയിൽ പുറക്കാട് ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ ശക്തമായ കടലാക്രമണം

Spread the love

ആലപ്പുഴയിൽ കടലാക്രമണം. പുറക്കാട്, വളഞ്ഞ വഴി, ചേർത്തല പള്ളിത്തോട് എന്നിവിടങ്ങളിലാണ് ശക്തമായ കടലാക്രമണം. പള്ളിത്തോട് വീടുകളിൽ കടൽവെള്ളം കയറി. വളഞ്ഞവഴിയിൽ 10 വീടുകൾ ഭീഷണിയിലാണ്. വേലിയേറ്റമാണ് കടലാക്രമണത്തിന് കാരണമെന്നാണ് റിപ്പോർട്ട്.

നേരത്തെ, ആലപ്പുഴ പുറക്കാട് കടൽ വീണ്ടും ഉൾവലിഞ്ഞിരുന്നു. തീരത്ത് നിന്ന് 25 മീററോളമാണ് ഇന്ന് രാവിലെ ഉൾവലിഞ്ഞത്. 100 മീറ്റർ പ്രദേശത്ത് ചെളിത്തട്ട് രൂപപ്പെട്ടു. 10 ദിവസം മുൻപ് ഉൾവലിഞ്ഞ സ്ഥലത്തിന് സമീപമാണ് കടലിൽ ഈ പ്രതിഭാസം കണ്ടത്. സ്വാഭാവികമായ പ്രതിഭാസമെന്ന് വിദഗ്ധർ..

10 ദിവസം മുമ്പ് കടൽ ഉൾവലിഞ്ഞയിടത്തിനു സമീപമാണ് ഇന്ന് രാവിലെ 25 മീറ്റർ കടൽ ഉൾവലിഞ്ഞത്. 100 മീറ്ററോളം ഭാഗത്ത് ചെളിത്തട്ട് രൂപപ്പെട്ടിട്ടുണ്ട്. രാവിലെ 9 മണിയോടെയാണ് പ്രതിഭാസം ദൃശ്യമായത്.

പുറക്കാട് മുതൽ തെക്കോട്ട് 300 മീറ്ററോളം ഭാഗത്താണ് പത്ത് ദിവസം മുമ്പ് കടൽ ഉൾവലിഞ്ഞത്. മൂന്ന് ദിവസമെടുത്താണ് അന്ന് കടൽ പൂർവസ്ഥിതിയിലാകാൻ. ചെളി അടിഞ്ഞ് തീരത്തുറച്ച മത്സ്യ ബന്ധന ഉപകരണങ്ങൾ തീരത്തു നിന്ന് നീക്കം ചെയ്തു.
ഇങ്ങനെ ചെളി അടിയുന്നത് മത്സ്യത്തൊഴിലാളികളെയാണ് ഏറ്റവും അധികം ബാധിക്കുന്നത്.

ചാകരയ്ക്ക് മുന്നോടിയായുള്ള സ്വാഭാവിക ഉൾവലിയലെന്നാണ് തീരവാസികൾ പറയുന്നതെങ്കിലും അന്തരീക്ഷത്തിലെ താപനില ഉയരുമ്പോൾ വേലിയിറക്കമുണ്ടായി കടൽ പിൻവലിയുന്നതായായാണ് വിദഗ്ധരുടെ അഭിപ്രായം. തോട്ടപ്പള്ളി, അമ്പലപ്പുഴ, പുന്നപ്ര ഭാഗങ്ങളിലും പലതവണ ഈ പ്രതിഭാസം ഉണ്ടായിട്ടുണ്ട്.